|
ഫുട്‌ബോള്‍ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന സൂപ്പര്‍ കപ്പിന് തുടക്കത്തിലേ കല്ലുകടി. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ കീഴില്‍ ഐഎസ്എല്‍, ഐ ലീഗ് ടീമുകളെ ഉള്‍പ്പെടുത്തി നടക്കാനിരിക്കുന്ന പ്രഥമ സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റ് വൈകും.
നിലവില്‍ മാര്‍ച്ച് 12ന് നടക്കാനിരുന്ന സൂപ്പര്‍ കപ്പിലെ ആദ്യ മത്സരം മാര്‍ച്ച് 15ലേക്കാണ് മാറ്റിയിരിക്കുന്നത്. ഫൈനല്‍ നടത്തുന്ന തീയ്യതിയിലും മാറ്റമുണ്ട്. ഏപ്രില്‍ 12 ന് തീരുമാനിച്ചിരുന്ന ഫൈനല്‍ എപ്രില്‍ 15ലേക്കാണ് മാറ്റിയിട്ടുള്ളത്. ടൂര്‍ണമെന്റിന്റെ ഭാരവാഹികള്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് പ്രഥമ സൂപ്പര്‍ കപ്പിലെ ആദ്യ മത്സരം നടക്കുമെന്ന് തീരുമാനമായിട്ടുള്ളത്. മാര്‍ച്ച് 15നു തുടങ്ങുന്ന യോഗ്യത മത്സരങ്ങള്‍ക്കുള്ള ടീമുകളെ തിരഞ്ഞെടുക്കുന്നതിന് ഈ മാസം ഒമ്പതിന് നറുക്കെടുപ്പ് നടത്തും. മത്സരങ്ങള്‍ 5.30നോ എട്ട് മണിക്കോ ആയിരിക്കും.
എന്നാല്‍ സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ ഏതൊക്കെ വേദികളില്‍ വെച്ചായിരിക്കും നടക്കുകയെന്ന കാര്യത്തില്‍ ഇതുവരെ കൃത്യമായ തീരുമാനമായിട്ടില്ല. |