|
മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യലിന്റെ ഭാഗമായി സിബിഐ പീഡിപ്പിക്കുന്നതായി അഭിഭാഷകന്‍. സ്ഥിരമായി കടുത്ത വെളിച്ചത്തിനു കീഴില്‍ ഇരുത്തുകയാണെന്നും ഉറങ്ങാന്‍ അനുവദിക്കുന്നില്ലെന്നും കാര്‍ത്തി ചിദംബരത്തിന്റെ അഭിഭാഷകന്‍ അഭിഷേക് സിങ്‌വി കോടതിയില്‍ പറഞ്ഞു. കാര്‍ത്തി ചിദംബരത്തിന്റെ ആരോഗ്യനില മോശമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ ഫെബ്രുവരി 28ന് അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ വെള്ളിയാഴ്ച പ്രത്യേക കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അഭിഭാഷകന്‍ ഇക്കാര്യങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഉറക്കം കളയുന്നതിനായി ശക്തമായ വെളിച്ചത്തിനു കീഴിലും ശബ്ദമുള്ള അന്തരീക്ഷത്തിലും ഇരുത്തുകയാണെന്നും ഉറക്കക്കുറവ് മൂലം കാര്‍ത്തിയുടെ രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെന്നും സിങ്‌വി കോടതിയില്‍ പറഞ്ഞു.
എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ വാസ്തവമല്ലെന്നും കാര്‍ത്തിയെ ഉറങ്ങാന്‍ അനുവദിക്കാതിരിക്കുകയോ ഏതെങ്കിലും തരത്തില്‍ പീഡിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും സിബിഐക്കുവേണ്ടി ഹാജരായ തുഷാര്‍ മേത്ത വ്യക്തമാക്കി. താന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുമ്പോഴൊക്കെ ആരോഗ്യ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാദത്തിനൊടുവില്‍ കാര്‍ത്തിയെ കോടതി മൂന്നു ദിവസംകൂടി സിബിഐ കസ്റ്റഡിയില്‍ വിട്ടു. |