|
രണ്ടുവര്‍ഷത്തെ കോഴ്‌സ് ഫസ്റ്റ് ക്ലാസോടെ പൂര്‍ത്തിയാക്കിയിട്ടും തൊഴിലൊന്നും ലഭിക്കാത്ത മുന്‍ വിദ്യാര്‍ഥി യൂനിവേഴ്‌സിറ്റിക്കെതിരെ നിയമയുദ്ധത്തിന്. ബ്രിട്ടനിലെ ആംഗ്ലിയ റസ്‌കിന്‍ യൂനിവേഴ്‌സിറ്റിയാണ് പ്രതിസ്ഥാനത്ത്. 60,000 പൗണ്ട് (54 ലക്ഷം രൂപ) കോഴ്‌സ് ഫീ നല്‍കിയാണ് പോക് വോങ് എന്ന വിദ്യാര്‍ഥിനി 2011-13 കാലയളവില്‍ പഠനം പൂര്‍ത്തിയാക്കിയത്. ഇന്റര്‍നാഷനല്‍ ബിസിനസ് സ്ട്രാറ്റജിയായിരുന്നു വിഷയം. ലോകത്തുടനീളമുള്ള മികച്ച വ്യവസായ സ്ഥാപനങ്ങളില്‍ പ്ലേസ്മന്റെ് വാഗ്ദാനത്തോടെയായിരുന്നു പഠനം തുടങ്ങിയത്.
കോഴ്‌സ് കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും ഈ ബിരുദം കൊണ്ട് ഫലമൊന്നും ലഭിച്ചില്ലെന്നാണ് പരാതി. ബ്രിട്ടനിലെ വാഴ്‌സിറ്റികളില്‍ മോശമല്ലാത്ത റാങ്കിങ് നിലനിര്‍ത്തുന്ന സ്ഥാപനമാണ് ആംഗ്ലിയ റസ്‌കിന്‍ യൂനിവേഴ്‌സിറ്റി. എന്നാല്‍, സ്ഥാപനത്തില്‍ പലപ്പോഴും അധ്യാപകര്‍ അകാരണമായി ക്ലാസ് മുടക്കുകയും വിദ്യാര്‍ഥികളോട് സ്വന്തമായി പഠിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നുവെന്ന് പോക് വോങ് പറയുന്നു. വിദ്യാര്‍ഥികളുടെ ഭാവി സംബന്ധിച്ച് ആശങ്കകളൊന്നുമില്ലാത്ത സ്ഥാപനങ്ങളെ നിലപാട് മാറ്റാന്‍ പ്രേരിപ്പിക്കുന്നതാകും തന്റെ പരാതിയെന്നാണ് വിദ്യാര്‍ഥിയുടെ പ്രതീക്ഷ.
നേരത്തെ, ഫസ്റ്റ് ക്ലാസ് ബിരുദം നല്‍കാത്തതിന് ഫായിസ് സിദ്ദീഖിയെന്ന യുവാവ് അടുത്തിടെ ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിക്കെതിരെ നിയമയുദ്ധം നടത്തിയിരുന്നു. |