|
വയല്‍കിളികള്‍ സമരം ശക്തമാക്കുന്നതിനിടെ കീഴാറ്റൂര്‍ സിപിഐഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സന്ദര്‍ശിച്ചു. സമരക്കാര്‍ ദേശീയപാതാ സ്ഥലമെടുപ്പിനോടുള്ള എതിര്‍പ്പ് അവസാനിപ്പിച്ച് സഹകരിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. സ്ഥലമെടുപ്പിനെതിരെ സമരം നടത്തുന്ന വയല്‍ക്കിളികളുടെ കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ജയരാജന്റെ പ്രതികരണം.
ദേശീയ പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ മുഴുവന്‍ വയലും നഷ്ടമാകുമെന്നത് തെറ്റായ പ്രചരണമാണ്. ജനത്തെ തെറ്റിധരിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്. എതിര്‍പ്പുകള്‍ ഉയരുന്നതും അതിന്റെ അമ്പുകള്‍ കൊള്ളാന്‍ പോകുന്നതും സിപിഐഎമ്മിനല്ല. നാടിന്റെ വികസനത്തിന് എതിര് നിന്നാല്‍ തടസ്സപ്പെടുന്നത് നാടിന്റെ പൊതുവായ അഭിവൃദ്ധിയാണ്. ജയരാജന്‍ പറഞ്ഞു.
സമരപ്പന്തല്‍ കത്തിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന്റെ മുന്നണിപ്പോരാളിയായ കീഴാറ്റൂര്‍ സുരേഷിന്റെ ബന്ധുക്കളായ നാലുകുടുംബങ്ങള്‍ മാത്രമാണ് ഭൂമിനല്‍കുന്നതിന് സമ്മതപത്രം നല്‍കാനുള്ളത്. നാടിന്റെ വികസനത്തെ കരുതി അവരും സമ്മതപത്രം നല്‍കണമെന്നും ജയരാജന്‍ പറഞ്ഞു.
കീഴാറ്റൂര്‍ ബൈപ്പാസിന് വേണ്ടി സ്ഥലം അളന്ന് തിട്ടപ്പെടുത്തിയ വയല്‍ പ്രദേശം സന്ദര്‍ശിച്ചതോടെ ബൈപ്പാസ് വിരുദ്ധ സമരക്കാര്‍ കെട്ടിപ്പൊക്കിയ നുണക്കോട്ടകള്‍ പൊളിഞ്ഞതായി മനസിലായെന്ന് പി. ജയരാജന്‍ പറഞ്ഞു.
കീഴാറ്റൂരിലെ 250 ഏക്കര്‍ വയല്‍പ്രദേശം ഏറ്റെടുക്കേണ്ടി വരും എന്നതായിരുന്നു ആദ്യ നുണ.എന്നാല്‍ സര്‍വേ പൂര്‍ത്തിയായപ്പോള്‍ 11 ഏക്കര്‍ മാത്രമേ വരികയുള്ളൂ എന്ന് എല്ലാവര്‍ക്കും ബോധ്യമായി.കീഴാറ്റൂര്‍ വയലിലൂടെ ഒഴുകുന്ന തോട് പൂര്‍ണ്ണമായും ഇല്ലാതാകും എന്നായിരുന്നു രണ്ടാമത്തെ നുണ.സര്‍വേ കല്ലുകള്‍ തോടിനു പുറത്താണ്.തോട് തൊടായി നില്‍ക്കുമെന്ന് സാരം.
കീഴാറ്റൂര്‍ നെല്‍ വയലുകളാകെ ഇല്ലാതാകും എന്നായിരുന്നു അടുത്ത നുണ. എന്നാല്‍ നെല്‍ വയലിന്റെ ഒരു ഭാഗം മാത്രമേ സര്‍വേയില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ. ബാക്കി ഭാഗം നെല്‍കൃഷി നടത്തുന്നതിന് യാതൊരു തടസവുമില്ല.
ചില മാധ്യമങ്ങള്‍ സമരക്കാരുടെ പന്തല്‍ സിപിഐ(എം) കാര്‍ തീയിട്ടു എന്ന പ്രചാരണം വ്യാപകമായി നടത്തി.പന്തല്‍ തീയിട്ട സംഭവത്തെ പാര്‍ട്ടി അംഗീകരിക്കുന്നില്ല.എന്നാല്‍ സമരക്കാരാണ് രാവിലെ മുതല്‍ വയലിലെ പുല്‍ക്കൂനകള്‍ക്ക് തീയിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
കീഴാറ്റൂര്‍ വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അനധികൃതമായി സമരക്കാര്‍ പന്തല്‍ കിട്ടിയിരിക്കുന്നത്. ഇതേ കുറിച്ച് ക്ഷേത്ര ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു. |