|
കര്‍ണാടകത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്നതോടെ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയ്ക്കതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തി. സിദ്ധരാമയ്യ കൈയ്യില്‍ കെട്ടിയിരിക്കുന്ന 40 ലക്ഷം രൂപ വിലമതിക്കുന്ന വാച്ചിലേക്ക് നോക്കാന്‍ അമിത് ഷാ കര്‍ഷകരോട് പറഞ്ഞു. ബിജെപി ഭരിച്ച കാലത്ത് സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യയുടെ എണ്ണം കുറവായിരുന്നു എന്ന് കൂടി അമിത് ഷാ പറയുന്നു.
'കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്ക് കാരണം കര്‍ണാടക സര്‍ക്കാരാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ '40 ലക്ഷം രൂപയുടെ വാച്ച്' നിങ്ങള്‍ ശ്രദ്ധിക്കണം. ഇതു അഴിമതിയുടെ അടയാളമാണ്. ഇത്തരം വലിയ കൂടിയ വാച്ച് ധരിക്കുന്ന ഒരേയൊരു സോഷ്യലിസ്റ്റ് നേതാവാണ് മുഖ്യമന്ത്രിയെന്നും അമിത് ഷാ പറഞ്ഞു.
കര്‍ണാടകയിലൂടെ രാജ്യത്തിന്റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ആധിപത്യം നേടാന്‍ സാധിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നതായി അമിത് ഷാ വെളിപ്പെടുത്തി. കഴിഞ്ഞ 15 വര്‍ഷമായി ഗുജറാത്ത്, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിയാണ് ഭരിക്കുന്നത്. ഇവിടെ കര്‍ഷക ആത്മഹത്യ കുറവാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകത്തിലെ ദാവന്‍ഗരെയില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. |