|
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടിന്റെ ബ്രാന്‍ഡ് അംബാസിഡറായി ലോകസുന്ദരി മാനുഷി ചില്ലര്‍ ചുമതലയേറ്റു. ബ്രാന്‍ഡ് അംബാസിഡറായി പ്രവര്‍ത്തിക്കുന്നതിനൊപ്പം മലബാര്‍ ഗോള്‍ഡിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിലും മാനുഷി ചില്ലര്‍ പങ്കാളിയാകും. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ മലബാര്‍ ഗോള്‍ഡ് മാനേജ്‌മെന്റും മാനുഷിയും ഒപ്പുവച്ചു.
നടി കരീന കപൂറിനും, തമന്നക്കും ശേഷമാണ് മാനുഷി, മലബാര്‍ ഗോള്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തേക്ക് എത്തുന്നത്. ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനം ഏല്‍ക്കുന്നതിലും മലബാര്‍ ഗോള്‍ഡിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാകുന്നതിലും ഏറെ സന്തോഷമെന്ന് മാനുഷി ചില്ലര്‍ പറഞ്ഞു. ലാഭവിഹിതത്തിന്റെ അഞ്ചുശതമാനമാണ് ഈ സ്ഥാപനം ജീവകാരുണ്യത്തിനായി ഉപയോഗിക്കുന്നത്.
ലോകമെമ്പാടുമായി 9 രാജ്യങ്ങളില്‍ 214 ഷോറൂമുകളുള്ള മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്, ജ്വല്ലറി സ്വാധീനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ബ്രാന്‍ഡ് അംബാസിഡറെയും തിരഞ്ഞെടുത്തിരിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഷോറൂമുകളുടെ എണ്ണം 500 ആക്കുകയാണ് ലക്ഷ്യമെന്ന് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു. മുംബൈയില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എംപി അഹമ്മദും മാനുഷി ചില്ലറും ധാരണാപത്രം കൈമാറി. |