|
നോട്ടടിക്കുന്നത് അഞ്ചിരട്ടിയോളം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കര്‍ണാടക, മഹാരാഷ്ട്ര, ആന്ദ്രാപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലെ എടിഎമ്മുകള്‍ പണമില്ലെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്റെ പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം പുറത്തിറങ്ങിയിരിക്കുന്നത്.
ദിവസവും 500 രൂപയുടെ 500 കോടി നോട്ടുകളാണ് നിലവില്‍ അച്ചടിക്കുന്നത്. ഇത് അഞ്ചിരട്ടിയാക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും വരും ദിവസങ്ങളില്‍ അത് സാധ്യമാവുമെന്നും ധനകാര്യ സെക്രട്ടറി എസ്‌സി ഗാര്‍ഗ് വ്യക്തമാക്കി.
രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ 500 രൂപയുടെ 2,500 കോടി കറന്‍സികള്‍ വിതരണം ചെയ്യും. ഒരു മാസം കൊണ്ട് വിതരണം 70,000 മുതല്‍ 75,000 കോടിയായി ഉയര്‍ത്തുമെന്നും ഗാര്‍ഗ് വ്യക്തമാക്കി.
പണത്തിന് ലഭ്യതകുറവെന്ന റിപ്പോര്‍ട്ട് കണ്ട് പേടിക്കേണ്ടെന്ന് കേരളത്തിലെ ജനങ്ങളോട് എസ്ബിഐ അറിയിച്ചിട്ടുണ്ട്. എല്ലാ കറന്‍സി ചെസ്റ്റുകളിലും ആവശ്യത്തിന് നോട്ടുകളുണ്ട്. ഏതെങ്കിലും സംസ്ഥാനത്തെ കറന്‍സി ചെസ്റ്റുകളില്‍ ക്ഷാമമുണ്ടാകുമ്പോള്‍ സമീപത്തുള്ള സംസ്ഥാനങ്ങളിലെ കറന്‍സി ചെസ്റ്റുകളില്‍ നിന്ന് നോട്ടുകള്‍ എത്തിക്കുന്നത് സാധാരണമാണ്.
കഴിഞ്ഞമാസം തെലങ്കാനയിലും ആന്ധ്രയിലും നോട്ട് ക്ഷാമമുണ്ടായപ്പോള്‍ കേരളത്തില്‍ നിന്നാണ് നോട്ടുകള്‍ എത്തിച്ചിരുന്നതെന്നും എസ്ബിഐ വ്യക്തമാക്കി. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കറന്‍സി ചെസ്റ്റുകളിലേക്ക് നോട്ട് എത്തിക്കാനുള്ള നിര്‍ദേശമൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും എസ്.ബി.ഐയുടെ കേളത്തിലെ ഹെഡ് ഓഫീസില്‍ നിന്ന് വ്യക്തമാക്കി. ഇക്കാര്യത്തില്‍ അറിയിപ്പ് കിട്ടിയാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് നോട്ട് കയറ്റി അയക്കാന്‍ തയാറാണെന്നും എസ്ബിഐ വൃത്തങ്ങള്‍ അറിയിച്ചു. |