|
ഒമ്പതുവയസു കാരനായ മകന്റെ ബുദ്ധിശക്തി ഇന്ത്യന്‍ കുടുംബത്തെ നാടുകടത്തലില്‍ നിന്ന് രക്ഷിച്ചു. ചെസിലെ ലോക നാലാംറാങ്കുകാരനായ ഇന്ത്യന്‍ബാലന്‍ ശ്രേയസ് റോയലിന്റെ കുടുംബത്തെ യുകെയില്‍ തുടരാന്‍ ഹോം ഓഫീസ് അനുവദിച്ചു. ഇതിനായി കുട്ടിയുടെ പിതാവിനോട് പുതിയ വിസയ്ക്ക് അപേക്ഷിച്ചോളാന്‍ ഹോം ഓഫീസ് നിര്‍ദ്ദേശിച്ചു. ശ്രേയസ് റോയലിന്റെ പ്രതിഭയെ തുടര്‍ന്നും രാജ്യത്തിന് ലഭിക്കാന്‍ വേണ്ടികൂടിയാണ് ഹോം ഓഫീസ് ഇത്തരമൊരു ഇളവ് പ്രഖ്യാപിച്ചത്.
അഞ്ച് വര്‍ഷം മുന്‍പാണ് ഐടി പ്രൊജക്ട് മാനേജരായി 38 കാരനായ ജിതേന്ദ്ര സിംഗ് കുടുംബത്തോടൊപ്പം യുകെയിലെത്തുന്നത്. അന്ന് നാലുവയസായിരുന്നു ശ്രേയസ് റോയലിന്. സൗത്ത് ലണ്ടനിലായിരുന്നു താമസം. അടുത്ത മാസമാണ് ജിതേന്ദ്രയുടെ നിലവിലെ വര്‍ക്ക് വിസ കാലാവധി തീരുന്നത്. വര്‍ഷത്തില്‍ 120,000 പൗണ്ട് ശമ്പളം ലഭിക്കുന്ന ജോലി കിട്ടിയെങ്കില്‍ മാത്രമാണ് വീണ്ടും വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയൂവെന്നായിരുന്നു നേരത്തെ നല്‍കിയ നിര്‍ദ്ദേശം. അതുകൊണ്ടു ഇന്ത്യയിലേക്ക് മടങ്ങിപ്പോകേണ്ട അവസ്ഥയിലായിരുന്നു കുടുംബം.
എന്നാല്‍ അപ്പോഴേയ്ക്കും യുകെയിലെ ചെസ് പ്രതിഭയായി ശ്രേയസ് മാറിയിരുന്നു. ഒമ്പതാം വയസില്‍ തന്നെ ഈ പ്രായത്തിലെ ഗ്രൂപ്പില്‍ ലോക റാങ്കിംഗില്‍ നാലാം സ്ഥാനക്കാരനാണ് ശ്രേയസ്. തങ്ങള്‍ മടങ്ങുന്നതോടെ ശ്രേയസിന്റെ അവസരങ്ങള്‍ നഷ്ടപ്പെടുമെന്നായിരുന്നു കുടുംബത്തിന്റെ ഭയം. ഒപ്പം ബ്രിട്ടന് മികച്ച ചെസ് താരത്തെ നഷ്ടമാകുമെന്ന സ്ഥിതിയുമായി. |