|
ഭരണപരിഷ്‌കാരം എന്നു പറഞ്ഞാല്‍ ഇതാണ്. കാലാവധി തീരും മുന്‍പെ പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചാല്‍ ശേഷിച്ച കാലാവധി റദ്ദാകും. ഇത് എവിടെ നിയമമാണെന്ന് ചോദിച്ചാല്‍ ബ്രിട്ടനിലെ എന്നു പറയാം. സെപ്റ്റംബര്‍ പത്ത് മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്ന പുതിയ നിയമം അനുസരിച്ച് പാസ്പോര്‍ട്ടിന്റെ കാലാവധി കഴിയും മുമ്പ് അപേക്ഷിച്ചാല്‍ ശേഷിക്കുന്ന വാലിഡിറ്റി ഇല്ലാതാകും. നാളിതുവരെ ബ്രിട്ടീഷ് പാസ്പോര്‍ട്ട് കാലാവധി കഴിയുന്നതിന് മുമ്പ് പുതിയതിന് അപേക്ഷിച്ചാല്‍ പഴയതില്‍ ശേഷിക്കുന്ന കാലയളവില്‍ ഒമ്പത് മാസം വരെ പുതിയ പാസ്പോര്‍ട്ടിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുമായിരുന്നു. എന്നാല്‍ പുതിയ നിയമം നടപ്പില്‍ വന്നതോടെ ആ ആനുകൂല്യം ഇല്ലാതായി. ഇത് അറിയാതെ നിരവധി പേര്‍ പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിച്ച് തങ്ങളുടെ പഴയ പാസ്പോര്‍ട്ടിലെ ശേഷിക്കുന്ന വിലപ്പെട്ട വാലിഡിറ്റി പിരിയഡ് നഷ്ടപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. വേണ്ട വിധത്തില്‍ അറിയിപ്പ് നല്‍കാതെ കടുത്ത നിയമം പാസാക്കി തങ്ങള്‍ക്ക് നഷ്ടമുണ്ടാക്കിയ ഹോം ഓഫീസിന്റെ നടപടിക്കെതിരെ നിരവധി പേരാണ് അമര്‍ഷം രേഖപ്പെടുത്തി മുന്നോട്ട് വന്നിരിക്കുന്നത്.
ഈ മാസം 10 മുമ്പ് പഴയ പാസ്പോര്‍ട്ടില്‍ സമയം അവശേഷിക്കെ തന്നെ പുതിയതിന് അപേക്ഷിച്ചവരുടെ പുതിയ പാസ്പോര്‍ട്ടില്‍ പഴയതിലെ ശേഷിക്കുന്ന കാലം കൂട്ടിച്ചേര്‍ത്തിരുന്നു. അതായത് ആറ് മാസം ബാക്കിയുണ്ടെങ്കില്‍ പുതിയ പാസ്പോര്‍ട്ടിന്റെ വാലിഡിറ്റി പത്ത് വര്‍ഷവും ആറ് മാസവും അനുവദിച്ചിരുന്നു. ഇത്തരത്തില്‍ ശേഷിക്കുന്ന ഒമ്പത് മാസം വരെയുള്ള കാലയളവ് പുതിയ പാസ്പോര്‍ട്ടിലേക്ക് വരവ് വച്ചിരുന്നു. പക്ഷേ സെപ്റ്റംബര്‍ പത്തിന് ശേഷം പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിച്ചവരുടെ പഴയ പാസ്പോര്‍ട്ടിലെ ശേഷിക്കുന്ന സമയം നഷ്ടമായിട്ടുണ്ട്. പുതിയ പരിഷ്‌കാരം വേണ്ടത്ര അറിയിപ്പ് നല്‍കാതെ നടപ്പിലാക്കിയതിനെ തുടര്‍ന്ന് നിരവധി പേരാണ് പാടു പെട്ടിരിക്കുന്നത്. അവര്‍ ഇക്കാര്യം കടുത്ത പ്രതിഷേധത്തോടെ വെളിപ്പെടുത്തിയിട്ടുമുണ്ട്. |