|
ബ്രക്‌സിറ്റ് നടപ്പാക്കിയാലും അതിവിദഗ്ധ തൊഴിലാളികള്‍ക്ക് രക്ഷയുണ്ടാകുമെന്ന ധാരണ തെറ്റാണെന്ന് റിപ്പോര്‍ട്ട്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇവരെയും നാടുകടത്താന്‍ ഹോം ഓഫിസ് നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതിനായി നിയമത്തെ വളച്ചൊടിക്കുകയും ഇതിലെ പഴുതുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം യുകെ കോടതി നടത്തിയ പരാമര്‍ശമാണ് ഈ സംഭവം പുറത്തുകൊണ്ടുവരാന്‍ ഇടയാക്കിയത്. ഇമിഗ്രേഷന്‍ നിയമത്തിലെ ഭീകരവാദ ബന്ധമുള്ള വ്യവസ്ഥകള്‍ ഉപയോഗിച്ച് അതിവിദഗ്ധ മേഖലയിലുള്ള രണ്ട് ജീവനക്കാരെ നാടുകടത്താനുള്ള ഹോം ഓഫിസ് നീക്കമാണ് കോടതി ഇടപെട്ട് തടഞ്ഞത്. ഹോം ഓഫീസ് നിയമലംഘനം നടത്തുകയാണെന്ന് കോടതി പറഞ്ഞു. ഹോം ഓഫീസ് തീരുമാനം റദ്ദാക്കിക്കൊണ്ടാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. ഒലുവാറ്റോസിന്‍ ബാന്‍കോളെ, ഫാറൂഖ് ഷെയ്ഖ് എന്നിവരുടെ കേസിലാണ് അപ്പര്‍ ട്രൈബ്യൂണല്‍ ജഡ്ജ് മെലിസ കാനവാന്‍ ഹോം ഓഫീസ് തീരുമാനം റദ്ദാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചത്.
ടാക്സ് റിട്ടേണുകളില്‍ നിയമപരമായ മാറ്റങ്ങള്‍ വരുത്തിയവര്‍ക്കെതിരെ ഇമിഗ്രേഷന്‍ നിയമത്തിലെ 322 (5) പാരഗ്രാഫ് അന്യായമായി ഉപയോഗിക്കുന്നതിനെതിരെ ക്യാംപെയിനുകള്‍ നടന്നു വരികയാണ്. കോടതിവിധി ഇവര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരും. ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയിന്‍ തേടുന്ന ആയിരത്തോളം വിദഗ്ധ തൊഴിലാളികള്‍ 322 (5) അനുസരിച്ച് ഇപ്പോള്‍ നാടുകടത്തലിന്റെ ഭീഷണിയിലാണ്. ടാക്സ് രേഖകളില്‍ ലീഗല്‍ അമെന്‍ഡ്മെന്റുകള്‍ വരുത്തിയതിന്റെ പേരിലാണ് ഇവര്‍ നടപടി നേരിടുന്നതെന്ന് ഹൈലി സ്‌കില്‍ഡ് മൈഗ്രന്റ്സ് എന്ന സപ്പോര്‍ട്ട് ഗ്രൂപ്പ് പറയുന്നു. ഹോം ഓഫീസ് അധികാര ദുര്‍വിനിയോഗം നടത്തുന്നതിനെതിരെ നീക്കം നടത്തുന്ന 20 എംപിമാര്‍ക്കും ഒരു ഹൗസ് ഓഫ് ലോര്‍ഡ്സ് അംഗത്തിനും ഈ വിധി ശക്തി പകരുമെന്ന് വിലയിരുത്തപ്പെടുന്നു. വിഷയത്തില്‍ കോമണ്‍സ് ചര്‍ച്ച നടത്തണമെന്ന് ക്യാംപെയിനിംഗ് നടത്തുന്ന എംപിമാരില്‍ ഒരാളായ ആലിസണ്‍ ത്യൂലിസ് ആവശ്യപ്പെട്ടു. |