|
ലണ്ടന്‍ : യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ വിദേശികള്‍ക്കു പൗരത്വം അനുവദച്ചതു ബ്രിട്ടന്‍ . 203,600 പേര്‍ക്കാണ് 2009ല്‍ മാത്രം ബ്രിട്ടന്‍ പാസ്‌പോര്‍ട്ട് നല്‍കിയത്. ഫ്രാന്‍സാണ് രണ്ടാം സ്ഥാനത്ത്. ഫ്രാന്‍സിനെക്കാള്‍ 50 ശതമാനം കൂടുതലാളുകള്‍ക്ക് ബ്രിട്ടന്‍ പാസ്‌പോര്‍ട്ട് അനുവദിച്ചു.
യൂറോപ്യന്‍ യൂണിയന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ബോഡി യൂറോസ്റ്റാറ്റിന്റെ കണക്കുകളില്‍ നിന്നാണ് ഇതു വ്യക്തമാകുന്നത്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള യൂറോപ്യന്‍ രാജ്യമായും ബ്രിട്ടന്‍ മാറുമെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2060 ഓടെ ബ്രിട്ടീഷ് ജനസംഖ്യ 79 മില്യനാകുമെന്നാണ് പ്രവചനം.
2009ല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ ആകെ 776,000 പേര്‍ക്കാണ് പാസ്‌പോര്‍ട്ട് നല്‍കിയത്. ഇതില്‍ നാലിലൊന്നും നല്‍കിയിരിക്കുന്നതു ബ്രിട്ടന്‍ തന്നെ. യൂറോ സോണില്‍ പുതിയതായി എത്തിയവരുടെ എണ്ണത്തില്‍ ആകെ 11 ശതമാനം വര്‍ധനയുണ്ട്.
2008ല്‍ 129,300 പേര്‍ക്കു മാത്രമാണ് ബ്രിട്ടന്‍ പാസ്‌പോര്‍ട്ട് അനുവദിച്ചിരുന്നത്. 2009 ആയതോടെ ഇതില്‍ 57 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ലേബര്‍ പാര്‍ട്ടിയുടെ വികലമായ ഇമിഗ്രേഷന്‍ പോളിസിയെയാണ് വിമര്‍ശകര്‍ ഇതിനു കുറ്റപ്പെടുത്തുന്നത്. അതിര്‍ത്തികള്‍ തുറന്നു മലര്‍ത്തിയിടുകയാണ് മുന്‍ സര്‍ക്കാര്‍ ചെയ്തതെന്നും ആക്ഷേപമുണ്ട്. |