Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
ആരോഗ്യം
  Add your Comment comment
മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ കൊഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പി
Reporter
ഇന്ത്യയില്‍ ഏകദേശം ഇരുപത് ശതമാനത്തോളം ആളുകള്‍ മാനസിക സമ്മര്‍ദ്ദം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നെന്നാണ് കണക്ക്. നിസാര പ്രശ്‌നങ്ങള്‍ ഉള്ളിലൊതുക്കി ക്രമേണ വിഷാദ രോഗത്തിലേക്കു പോകുന്നവരാണ് ഭൂരിപക്ഷവും. മാനസിക സമ്മര്‍ദം നേരിടുന്നവരില്‍ ഉറക്കമില്ലായ്മ പ്രത്യക്ഷ ലക്ഷണമായി കരുതാമെങ്കിലും വിശപ്പില്ലായ്മ മുതല്‍ സാമൂഹിക ബന്ധങ്ങളുടെ തകര്‍ച്ച വരെ സങ്കീര്‍ണമായ അവസ്ഥകളും കണ്ടു വരുന്നു. മാനസിക സമ്മര്‍ദ്ദo കുറയ്ക്കാനുള്ള പരിശീലനവും (Relaxation Training) ചിന്തകളെയും പ്രവൃത്തികളെയും കുറിച്ച് അവബോധം ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കുന്ന കൊഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയും (Cognitive Behavior Therapy) കൊണ്ട് ജീവിതശൈലിയില്‍ അനുയോജ്യമായ മാറ്റങ്ങള്‍ വരുത്താം.

മാനസിക സമ്മര്‍ദം മൂലം ഉറക്കം കിട്ടാതെ വരുമ്പോള്‍ അതിനു മദ്യത്തെ ആശ്രയിക്കുന്നവരും കുറവല്ല. ചെറിയ അളവില്‍ തുടങ്ങി കാലക്രമേണ അളവു കൂടും. ആദ്യം ഗുണമെന്ന് തോന്നുമെങ്കിലും പീന്നിട് മദ്യം ഇല്ലാതെ ജീവിക്കാന്‍ വയ്യ എന്ന അവസ്ഥയിലെത്തും. പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഒളിച്ചോടാന്‍ ശ്രമിക്കുന്നത് പക്വതയില്ലായ്മയാണ്. മദ്യം താല്‍ക്കാലികമായൊരു രക്ഷപ്പെടല്‍ മാത്രമാണ്. അതിന്റെ ലഹരിയൊഴിയുമ്പോള്‍ വീണ്ടും സമ്മര്‍ദ്ദം അനുഭവിക്കേണ്ടിവരുന്നു. അങ്ങനെ പതുക്കെ മദ്യത്തിന് അടിമയായി സമ്പത്തും ആരോഗ്യവും നശിക്കുന്നു. മദ്യത്തിനു അടിമപ്പെട്ടവരില്‍ ആത്മഹത്യയ്ക്കുള്ള സാധ്യതയും വളരെ കൂടുതലാണ്.


നമ്മുടെ പ്രശ്‌നങ്ങള്‍ക്കു കാരണം നമ്മുടെ ചിന്തകള്‍ തന്നെയാണെന്നാണ് കൊഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പി പറയുന്നത്. ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ രണ്ടു രീതിയില്‍ നേരിടാം ശുഭാപ്തിവിശ്വാസത്തോടെയോ വിഷാദാത്മകമായോ. ഇതില്‍ ഏതാണ് സ്വീകരിക്കുന്നത് എന്നതിനെ ആശ്രയിച്ചാകും ജീവിതം മുന്നോട്ടു പോവുക. അശുഭ ചിന്തകളെ നിയന്ത്രിക്കാനുള്ള കഴിവ് സ്വയം ആര്‍ജിക്കണം. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും പരിഹരിക്കാനുമുള്ള കഴിവ് നമുക്കെല്ലാവര്‍ക്കുമുണ്ടെന്നുള്ള ചിന്തയാണ് ആദ്യം വേണ്ടത്. പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഭയന്ന് ഒളിച്ചോടുന്നതിനു പകരം എങ്ങനെ ക്രിയാത്മകമായി അതിനെ നേരിട്ട് പരിഹാരം കണ്ടെത്താമെന്നു ചിന്തിക്കുക. ഈ നിമിഷം അഭിമുഖീകരിക്കുന്ന, ഭീകരം എന്നു തോന്നുന്ന പ്രശ്‌നത്തെ താല്‍ക്കാലികം എന്നു കണക്കാക്കിയാല്‍ സമ്മര്‍ദം ഒഴിവാകാം. പ്രശ്‌നങ്ങളെക്കുറിച്ചു മാത്രം എപ്പോഴും ചിന്തിക്കുന്നത് ഉറക്കമില്ലായ്മയ്ക്ക് വഴിയൊരുക്കുകയും ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യും.
 
Other News in this category

 
 




 
Close Window