Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
ആരോഗ്യം
  Add your Comment comment
300 കിലോ ശരീരഭാരം ഉണ്ടായിരുന്ന അമിത ഇപ്പോള്‍ 86 കിലോ: കഠിനാദ്ധ്വാനം ഫലം നല്‍കും
Reporter
ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ വനിത എന്നറിയപ്പെടുന്നത് അമിത രജാനിക്ക് ഒരു അലങ്കാരമായിരുന്നില്ല മറിച്ച് അപമാനമായിരുന്നു. പൊണ്ണത്തടി പുറംലോകത്തെ കാണിക്കാതെ വലിയ കട്ടിലില്‍ അഭയം പ്രാപിച്ചിരുന്ന അമിതയ്ക്ക് ഒറ്റ ലക്ഷ്യം മാത്രമെ ഉണ്ടായിരുന്നുള്ളു. അമിതഭാരം എങ്ങിനെയെങ്കിലും കുറച്ച് ആരുടെയും തുറിച്ചു നോട്ടമില്ലാതെ എല്ലാവരെയും പോലെ സ്വതന്ത്രയായി ജീവിയ്ക്കുക. അതിന് അവള്‍ പൊണ്ണത്തടിയോട് സന്ധിയില്ലാതെ സമരം ചെയ്തു. അങ്ങിനെ ശസ്ത്രക്രിയയിലൂടെ 214 കിലോ അമിതഭാരമാണ് അമിത രജാനി കുറച്ചിരിക്കുന്നത്.

300 കിലോ ഭാരവും പേറിക്കൊണ്ടായിരുന്നു അമിത എന്ന 42കാരി ജീവിതം തള്ളി നീക്കിയത്. അമിതവണ്ണം കാരണം ഒന്നെണിക്കാനോ പരസഹായമില്ലാതെ പ്രാഥമിക കാര്യങ്ങള്‍ പോലും നിര്‍വഹിക്കാനോ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. അത്തരമൊരു നരകതുല്യമായ ജീവിതത്തില്‍ നിന്ന് മുക്തയാകാനാണ് അമിത, അമിതവണ്ണം കുറച്ചു തുടങ്ങിയത്. 300 കിലോയായിരുന്ന ശരീരഭാരം നാലു വര്‍ഷം കൊണ്ടാണ് 214 കിലോ കുറച്ചത്. ഇപ്പോള്‍ 86 കിലോ ആണ് ശരീരഭാരം.

മഹാരാഷ്ട്രയിലെ വസായ് സ്വദേശിയാണ് അമിത രജാനി. ഇവര്‍ ജനിക്കുമ്പോള്‍ തൂക്കം സാധാരണ കുട്ടികളെ പോലെ മൂന്നു കിലോയായിരുന്നു. ആറാം വയസ്സിലേക്ക് കടന്നതോടെയാണ് ശരീരഭാരം കൂടാന്‍ തുടങ്ങിയതെന്ന് അമിത ഓര്‍ത്തെടുക്കുന്നു. 16ാം വയസ്സില്‍ 126 കിലോ ആയതോടെ അസുഖങ്ങളും കൂട്ടിനെത്തി. ശ്വാസതടസ്സം കൂടി വന്നതോടെ ഓക്‌സിജന്‍ എപ്പോഴും വേണമെന്നായി. ക്രമേണ കിഡ്‌നിയുടെ പ്രവര്‍ത്തനം അവതാളത്തിലായി. 2007 മുതല്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയായി. അങ്ങിനെ എട്ട് വര്‍ഷത്തോളം സൂര്യപ്രകാശം പോലും കാണാതെ കിടന്ന കിടപ്പിലായിരുന്നു അമിത. ശരീരം തുടയ്ക്കാനും വൃത്തിയാക്കാനുമായി ദിവസം നൂറിലധികം തൂവാലകള്‍ ഉപയോഗിക്കേണ്ടി വന്നിരുന്നു.

ഈ ശരീരഭാരവും കൊണ്ട് ഇനിയും മുന്നോട്ട് പോയാല്‍ തന്റെ ജീവന്‍ നഷ്ടപ്പെട്ടേക്കാം എന്ന ഭയം അമിതയില്‍ ഉടലെടുത്തു. ഡോക്ടര്‍മാരും അമിതയോട് ഇക്കാര്യം ധരിപ്പിച്ചു. അങ്ങിനെയാണ് ശരീരഭാരം കുറയ്ക്കാന്‍ ശസ്ത്രക്രിയ നടത്താന്‍ അമിത തീരുമാനിച്ചത്. ഒടുവില്‍ മുംബൈ ലീലാവതി ഹോസ്പിറ്റലിലെ ഡോ. ശശാങ്ക് ഷായ്ക്ക് മുമ്പിലെത്തി. വര്‍ഷങ്ങള്‍ക്കു ശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത് ഡോക്ടറെ കാണാനായിരുന്നു, അതിനും വീടിന്റെ വാതില്‍ പൊളിച്ചു മാറ്റേണ്ടി വന്നു.

ശസ്ത്രക്രിയ ഒരു വെല്ലുവിളി ആയിരുന്നു ഡോക്ടര്‍ക്ക്. 200 കിലോയെങ്കിലും ഭാരം കുറച്ചാല്‍ മാത്രമെ അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാന്‍ സാധിക്കുകയുള്ളുവെന്ന് ഡോക്ടര്‍ക്ക് മനസ്സിലായി. എന്നാല്‍ ഏത് പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള ഒരു മനസ്സ് അമിത രജാനിക്ക് ഉണ്ടായിരുന്നു. അങ്ങിനെ റിസ്‌ക് ഏറ്റെടുക്കാന്‍ തന്നെ ഡോക്ടര്‍ തീരുമാനിച്ചു.

രണ്ടുഘട്ടമായിട്ടായിരുന്നു ചികിത്സ നടന്നത്. 2015ല്‍ നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷം പരസഹായമില്ലാതെ നടക്കാന്‍ തുടങ്ങി. 2017ലെ രണ്ടാം ശസ്ത്രക്രിയയ്ക്കു ശേഷം 140 കിലോ കൂടി കുറഞ്ഞു. ഏകദേശം 35 ലക്ഷത്തോളം രൂപയാണ് അമിതയുടെ ഈ ചികിത്സയ്ക്കായി ചെലവായത്. ഇപ്പോള്‍ എനിക്ക് സാധാരണ ഒരാള്‍ ചെയ്യുന്ന ജോലികളെല്ലാം ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് അമിത സന്തോഷത്തോടെ പറയുന്നു. അമിതയെ അലട്ടിയിരുന്ന രക്തസമ്മര്‍ദം, പ്രമേഹം, കിഡ്‌നി പ്രശ്‌നങ്ങള്‍ എന്നിവയും പൂര്‍ണമായി മാറിയെന്ന് ഡോക്ടര്‍ ഷായും സാക്ഷ്യപ്പെടുത്തുന്നു.
 
Other News in this category

 
 




 
Close Window