|
ബ്രസല്‍സ് : യൂറോപ്യന്‍ യൂണിയനുള്ളിലെ കുടിയേറ്റ നിയമങ്ങളില്‍ കൂടുതല്‍ അയവു വരുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ നീക്കം തുടങ്ങി. യുകെയിലേക്കു വന്‍ കുടിയേറ്റ പ്രവാഹമുണ്ടാകാന്‍ ഇതു കാരണമാകുമെന്ന് ആശങ്ക. യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവരുടെ കുടിയേറ്റം കുറച്ചുകൊണ്ടുവരാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് പുതിയ ഭീഷണി. യൂറോപ്യന്‍ യൂണിയന്‍ അംഗമെന്ന നിലയില്‍ , മറ്റ് അംഗരാജ്യങ്ങളില്‍ നിന്നുള്ളവരെ അതിര്‍ത്തിയില്‍ തടയാന്‍ യുകെയ്ക്കു കഴിയില്ല. ഇതോടെ ഇപ്പോള്‍ നടപ്പാക്കുന്ന കുടിയേറ്റനിയന്ത്രണ നടപടികള്‍ പാഴാവും.
ബോര്‍ഡര്‍ കണ്‍ട്രോളുകള്‍ മരവിപ്പിക്കാന്‍ മനുഷ്യാവകാശ നിയമങ്ങള്‍ എടുത്തു പ്രയോഗിക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. നിലവില്‍ യൂറോപ്യന്‍ യൂണിയനിലെ ഏതു രാജ്യത്ത് എത്തുന്ന അനധികൃത കുടിയേറ്റക്കാരനും അഭയാര്‍ഥിക്കും ടെമ്പററി വിസയോ ട്രാവല്‍ പെര്‍മിറ്റോ ലഭിച്ചാല്‍ മറ്റേതു യൂറോപ്യന്‍ യൂണിയന്‍ രാജ്യത്തേക്കും നിര്‍ബാധം സഞ്ചരിക്കാം. ഏതു രാജ്യത്തു കൂടിയാണ് യൂറോപ്യന്‍ യൂണിയനില്‍ കടന്നതെന്നു വച്ചാല്‍ , ആ രാജ്യത്തേക്കു തന്നെ ഇവരെ തിരിച്ചയയ്ക്കാന്‍ വ്യവസ്ഥയുണ്ട്. മനുഷ്യാവകാശത്തിന്റെ മറവില്‍ ഇതു നടപ്പാക്കാനാണ് ശ്രമം നടക്കുന്നത്.
ഇന്നു ബ്രസല്‍സില്‍ ആരംഭിക്കുന്ന ഉച്ചകോടിയില്‍ ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ അവതരിപ്പിക്കും. യൂണിയന്‍ പ്രസിഡന്റ് ജോസ് മാനുവല്‍ ബരാസോയുടെ നേതൃത്വത്തില്‍ തന്നെയാണ് നീക്കങ്ങള്‍ നടക്കുന്നത്. അഭയാര്‍ഥികളെയും അനധികൃത കുടിയേറ്റക്കാരെയും തിരിച്ചയയ്ക്കാനുള്ള വ്യവസ്ഥ അനിശ്ചിതമായി മരവിപ്പിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
കൂടുതല്‍ അഭയാര്‍ഥികള്‍ തെരഞ്ഞെടുക്കുന്ന രാജ്യം യുകെയാണ്. മറ്റേതു രാജ്യത്തെക്കാള്‍ കൂടുതല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അവിടെ ലഭിക്കുന്നു എന്നതു തന്നെയാണ് ഇതിനു കാരണം. ബ്രിട്ടന്‍ ഈ നീക്കത്തോടു ശക്തമായി പ്രതിഷേധിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രതിരോധത്തിനു നേരിട്ടു നേതൃത്വം നല്‍കുമെന്നും അറിയുന്നു. എണ്ണത്തില്‍ വളരെ കുറവുള്ള ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള കുടിയേറ്റക്കാരെ തടയാന്‍ നിയമം കൊണ്ടുവന്ന സര്‍ക്കാരിന് ഇയുവില്‍ നിന്നുള്ളവര്‍ക്കെതിരെ നടപടിയെടുക്കുക എളുപ്പമല്ല. |