|
ധാക്ക : ബംഗ്ലാദേശില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജ വിസ ഫാക്റ്ററി യുകെ ബോര്‍ഡര്‍ ഏജന്‍സിയുടെ നേതൃത്വത്തില്‍ പൊളിച്ചു. ലോക്കല്‍ പോലീസിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. നൂറുകണക്കിനു വ്യാജ വിസകളും മോഷ്ടിക്കപ്പെട്ട പാസ്‌പോര്‍ട്ടുകളും ഇമിഗ്രേഷന്‍ സീലുകളും കണ്ടെടുത്തിട്ടുണ്ട്. യുകെ അടക്കമുള്ള രാജ്യങ്ങളിലേക്ക് അനധികൃത കുടിയേറ്റം നടത്താനുദ്ദേശിക്കുന്നവരെ സഹായിക്കാന്‍ സൂക്ഷിച്ചിരുന്നവയാണിവ.
ഒരു യുകെബിഎ ഉദ്യോഗസ്ഥന്‍ ധാക്കയില്‍ നിന്നു വ്യാജ വിസ കണ്ടെടുത്തതാണ് വിപുലമായ അന്വേഷണത്തിലേക്കു നയിക്കുന്നത്. തുടര്‍ന്ന് എട്ടു പേരെ ഇവിടെ അറസ്റ്റ് ചെയ്തിരുന്നു. അവര്‍ നല്‍കിയ വിവരങ്ങളനുസരിച്ചായിരുന്നു റെയ്ഡ്.
ബ്രിട്ടിഷ് ഇമിഗ്രേഷന്‍ സംവിധാനം മറികടക്കാന്‍ ശ്രമിക്കുന്നവരെ തടയാനാണ് ശ്രമമെന്ന് ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ പറഞ്ഞു. അത് രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ അവസാനിക്കുന്നില്ലെന്നതിനു തെളിവാണ് ബംഗ്ലാദേശിലെ നടപടി. അനധികൃത കുടിയേറ്റം എളുപ്പം സാധ്യമാകുന്ന നാടല്ല യുകെയെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കാനുദ്ദേശിക്കുന്നതെന്നും ഗ്രീന്‍ വ്യക്തമാക്കി.
യുകെ ബോര്‍ഡര്‍ ഏജന്‍സിയും വിദേശ ലോ എന്‍ഫോഴ്‌സമെന്റ് ഏജന്‍സികളും തമ്മിലുള്ള ശക്തമായ ഇന്റലിജന്‍സ് ഷെയറിങ്ങിനു കൂടി ഉദാഹരണമാണ് ബംഗ്ലാദേശില്‍ നടത്തിയ റെയ്ഡ്. അനധികൃത കുടിയേറ്റത്തിന്റെ ഉറവിടത്തില്‍ തന്നെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. |