|
ലണ്ടന്‍ : സീനിയര്‍ കെയര്‍ വര്‍ക്കര്‍ വിസയില്‍ 5 വര്‍ഷത്തേക്കുള്ള വര്‍ക്ക് പെര്‍മിറ്റില്‍ വന്നവര്‍ നിരാശപ്പെടേണ്ടതില്ല. അവര്‍ക്ക് സെറ്റില്‍മെന്റ് വിസ ലഭിക്കാന്‍ തടസ്സമുണ്ടാകില്ല. അവരുടെ വര്‍ക്ക് പെര്‍മിറ്റില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ശമ്പളം കാലാനുസൃതമായി ലഭിക്കുന്നവര്‍ക്ക് പെര്‍മനന്റ് റസിഡന്‍സി നല്‍കുന്നതിന് തടസ്സമില്ലെന്ന് യുകെ ബോര്‍ഡര്‍ ഏജന്‍സി (യുകെബിഎ) വ്യക്തമാക്കി. യുകെബിഎയുടെ പോളിസി വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തങ്ങളുടെ ശമ്പള ഘടന സംബന്ധിച്ച നിബന്ധനയുടെ ലക്ഷ്യം യുകെയില്‍ എത്തുന്ന വിദേശ തൊഴിലാളികള്‍ക്ക് കാലാനുസൃതമായി യുകെയില്‍ നിലവിലുള്ള ജീവനക്കാര്‍ക്ക് ലഭിക്കുന്നതിനു തുല്യമായ ശമ്പളം ലഭിക്കണം എന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കിയിട്ടുള്ളതെന്നാണ് ഇമിഗ്രേഷന്‍ സോളിസിറ്റര്‍ പോള്‍ ജോണിനു ലഭിച്ച മറുപടി. നിലവില്‍ യുകെയില്‍ ഉള്ളവര്‍ക്കു ലഭിക്കുന്നതിനു തുല്യമായ ശമ്പളം അതാതു വിഭാഗത്തില്‍പെടുന്ന വര്‍ക്ക് പെര്‍മിറ്റ് ഹോള്‍ഡര്‍മാര്‍ക്കു ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനാണ് പുതിയ നിയമം കൊണ്ടുവന്നത്.
അതുപോലെ വര്‍ക്ക് പെര്‍മിറ്റ് എക്‌സ്റ്റെന്‍ഷന്‍ നല്‍കുന്ന സമയത്ത് നിഷ്‌കര്‍ഷിച്ചിട്ടുള്ള ശമ്പളം നല്‍കുകയും വേണം. 2006ല്‍ 5 വര്‍ഷത്തെ വര്‍ക്ക് പെര്‍മിറ്റില്‍ വന്നവര്‍ക്ക് അവരുടെ വര്‍ക്ക് പെര്‍മിറ്റില്‍ പറഞ്ഞിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ ശമ്പളം ഇപ്പോള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് പെര്‍മനന്റ് റസിഡന്‍സി ലഭിക്കുന്നതിന് പുതിയ നിയമം തടസ്സമാകില്ല. എന്നാല്‍ , 2008നു ശേഷം സീനിയര്‍ കെയറായി വര്‍ക്ക് പെര്‍മിറ്റ് എക്‌സ്റ്റെന്‍ഷന്‍ ലഭിച്ചിട്ടുള്ളവര്‍ അല്ലെങ്കില്‍ പുതിയ തൊഴില്‍ സ്ഥലത്തു ജോയിന്‍ ചെയ്തിട്ടുള്ളവര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റില്‍ പറഞ്ഞ പ്രകാരമുള്ള 7.02 പൗണ്ട് ഒരു മണിക്കൂറിന് എന്ന ശമ്പളഘടന പി.ആര്‍ ലഭിക്കുവാനായി ഉണ്ടായിരിക്കണം.
ഇനി വര്‍ക്ക് പെര്‍മിറ്റില്‍ പറയുന്നതിനേക്കാള്‍ കുറഞ്ഞ ശമ്പളമാണ് ഇവര്‍ക്ക് ലഭിക്കുന്നതെങ്കില്‍ എംപ്ലോയര്‍ ശമ്പളം കൂട്ടിത്തരാത്ത പക്ഷം 'Victims of Trafficking' പ്രാകരമുള്ള ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്. ശമ്പളം കുറച്ചു നല്‍കി നിര്‍ബന്ധിതമായി തൊഴില്‍ ചെയ്യുന്നതിനെ അടിമവേലയായി കണക്കാക്കി നിയമ സംരക്ഷണം നല്‍കാന്‍ നിലവില്‍ യുകെ ബോര്‍ഡര്‍ ഏജന്‍സിക്ക് അധികാരമുണ്ട്.
{ഞങ്ങളുടെ വാര്‍ത്തകള്‍ കോപ്പി അടിച്ച് അര്‍ഹമായ അംഗീകാരം നല്‍കാതെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനാല്‍ യുകെബിഎയില്‍ നിന്നു ലഭിച്ചിട്ടുള്ള മറുപടി ഞങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നില്ല. ഇത് ഞങ്ങളുടെ ഇമിഗ്രേഷന്‍ പംക്തി കൈകാര്യം ചെയ്യുന്ന സോളിസിറ്റര്‍ പോള്‍ ജോണിന് ലഭിച്ച ഇ-മെയിലില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ കോര്‍ത്തിണക്കി ചെയ്തിട്ടുള്ള ഒരു എക്സ്ലൂസീവ് വാര്‍ത്തയാണ്. മറ്റൊരു സോളിസിറ്റര്‍ക്കും മാധ്യമങ്ങള്‍ക്കും ഞങ്ങളുടെ കൈവശമുള്ള ഇ-മെയില്‍ ലഭിച്ചിട്ടില്ലാത്തതുമാകുന്നു.} |