|
ലണ്ടന്‍ : ലണ്ടനിലെ പ്രൈവറ്റ് കോളേജുകളായ London Victoria College, Lonon School of Management Education, London College Wimbledon എന്നീ കോളേജുകളുടെ Tier 4 license UKBA സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ ഈ കോളേജുകളില്‍ പഠിച്ചു കൊണ്ടിരിക്കുന്നവരും വിസയ്ക്ക് അപേക്ഷ നല്‍കിയിരിക്കുന്നവരുമായ ധാരാളം പേരുടെ സ്റ്റുഡന്റ് വിസ അവതാളത്തിലായി.
കഴിഞ്ഞ രണ്ടു-മൂന്ന് ആഴ്ചകളായി യുകെ ബോര്‍ഡര്‍ ഏജന്‍സി വിവിധ കോളേജുകളില്‍ പരിശോധന നടത്തിവരികയാണ്. സ്‌പോണ്‍സര്‍ ലൈസന്‍സുകള്‍ക്കനുസൃതമായി അല്ലാതെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുകയോ അല്ലെങ്കില്‍ ലൈസന്‍സ് അനുസരിച്ചുള്ള സ്‌പോണ്‍സര്‍ഷിപ്പ് ഡ്യൂട്ടികളില്‍ വീഴ്ച വരുത്തുമ്പോഴാണ് കോളേജുകളുടെ ലൈസന്‍സ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നത്. സസ്‌പെന്‍ഷന്‍ കാലയളവില്‍ യുകെബിഎയുടെ നടപടിക്കെതിരെ കോളേജുകള്‍ക്ക് അപ്പീല്‍ നല്‍കാവുന്നതും യുകെബിഎ അപ്പീല്‍ അംഗീകരിക്കുകയാണെങ്കില്‍ ലൈസന്‍സ് തിരികെ നല്‍കുന്നതുമാണ്.
ജൂലൈ നാലാം തീയതി മുതല്‍ പ്രൈവറ്റ് കോളേജില്‍ പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോലിക്കുള്ള അനുവാദം നല്‍കുകയില്ല എന്ന പുതിയ നിയമം തിങ്കളാഴ്ച മുതല്‍ പ്രാവര്‍ത്തികമാകും. അതിനാല്‍ ജൂലൈ 4ന് ശേഷം പല കോളേജുകളുടെയും പ്രവര്‍ത്തനം അവതാളത്തിലാകാന്‍ സാധ്യതയുണ്ട്. പഠനത്തോടൊപ്പം ജോലി ചെയ്യാന്‍ അനുവാദം ഉണ്ടാവുകയില്ല എന്നതിനാല്‍ ജൂലൈ 4ന് ശേഷം പ്രൈവറ്റ് കോളേജുകളിലേക്ക് വിദേശത്തു നിന്നും വിദ്യാര്‍ത്ഥികളെ ലഭിക്കാന്‍ സാധ്യതയില്ല.
പുതിയ വിദ്യാര്‍ത്ഥികള്‍ എത്തിയില്ലെങ്കില്‍ കോളേജുകള്‍ സാമ്പത്തിക ബുദ്ധിമുട്ടിലാവുകയും നിന്നു പോകാനിടയാവുകയും ചെയ്യും. ജൂലൈ 4ന് ശേഷം ജോലി ചെയ്യാന്‍ അവകാശമുണ്ടാവുകയില്ല എന്ന പ്രഖ്യാപനം വന്നതിനു ശേഷം ധാരാളം വിദ്യാര്‍ത്ഥികള്‍ ദൈര്‍ഘ്യമുള്ള കോഴ്‌സുകളെടുത്ത് വിസ നീട്ടി ലഭിക്കുന്നതിനായി അപേക്ഷിച്ചിട്ടുണ്ട്. ഏപ്രില്‍ - ജൂലൈ മാസങ്ങള്‍ക്കിടയില്‍ യുകെ ബോര്‍ഡര്‍ ഏജന്‍സിയിലേക്ക് ധാരാളം വിസ പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ലഭിച്ചിരുന്നു.
ചടങ്ങളൊന്നും നോക്കാതെ ധാരാളം കോളേജുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. കൂടാതെ ഇംഗ്ലീഷ് പരീക്ഷ പ്രവേശനത്തിനുള്ള ഒരു മാനദണ്ഡമാക്കിയതോടെ, കൃത്രിമ IELTS സര്‍ട്ടിഫിക്കറ്റുകള്‍ , ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ മലതാലയവ നല്‍കി വിസാ എക്സ്റ്റന്‍ഷന്‍ നേടാനും വിരുതന്മാരായ ചില വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചിരുന്നു. ഇതെല്ലാം ചില കോളേജുകളെ യുകെ ബോര്‍ഡര്‍ ഏജന്‍സിയുടെ നോട്ടപ്പുള്ളികളാക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ Banking College, Cardiff Academy, London Business Academy, Victoria College Nottingham, Wales ISC എന്നീ കോളേജുകളെ യുകെബിഎ സസ്‌പെന്‍ഷന്‍ ലിസ്റ്റില്‍ പെടുത്തിയിരുന്നു. ഇതില്‍ വിക്ടോറിയ കോളേജ്, നോട്ടിങ്ഹാമില്‍ ധാരാളം മലയാളി വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. ഹൈലി ട്രസ്റ്റഡ് സ്റ്റാറ്റസ് ഉണ്ടായിരുന്ന ഈ കോളേജിന്റെ സസ്‌പെന്‍ഷന്‍ ഞെട്ടലുളവാക്കിയിരുന്നു.
വിസ പുതുക്കുക എന്ന ലക്ഷ്യത്തോടെ മാത്രം 2000 പൗണ്ട് മുതല്‍ 5000 പൗണ്ട് വരെ പൗണ്ടുകള്‍ നല്‍കി കോളേജിന്റെ സ്റ്റാറ്റസോ അല്ലെങ്കില്‍ പ്രവര്‍ത്തനമോ നിരീക്ഷിക്കാതെ ധാരാളം പേര്‍ കോളേജില്‍ അഡ്മിഷന്‍ എടുത്ത് വിസക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ജൂലൈ മാസം തുടങ്ങുന്ന വേനല്‍ അവധിക്കാലത്തിനു ശേഷം ഇനി എത്ര കോളേജുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് കണ്ടറിയേണ്ട കാര്യം തന്നെയാണ്.
കോളേജുകള്‍ നിന്നുപോയാല്‍ അവയില്‍ ഫീസായി നല്‍കിയിട്ടുള്ള പണം നഷ്ടപ്പെടുമെന്ന് വേണം കരുതാന്‍ . കാരണം കൂടുതല്‍ കോളേജുകളും കമ്പനികളായി രജിസ്‌ട്രേഷന്‍ എടുത്താണ് പ്രവര്‍ത്തനം നടത്തുന്നത്. കുറച്ച് കസേരകളും, മേശയും, കമ്പ്യൂട്ടറും മറ്റുപകരണങ്ങളുമല്ലാതെ മറ്റൊന്നും ഇവയ്ക്ക് സ്വത്തുകളായിട്ടുണ്ടാവുകയുമില്ല. കൂടാതെ കൂടുതല്‍ കോളേജുകളും വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതും. യുകെയില്‍ വിദ്യാഭ്യാസത്തിന്റെ മറവില്‍ വിസാ കച്ചവടം നടത്തുന്നവര്‍ ഇനി എന്തു പുതിയ അടവുമായിട്ടെത്തും എന്നു കാത്തിരുന്നു തന്നെ കാണാം. |