|
ലണ്ടന്‍ : Capital Care Services (UK) Ltd എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ലണ്ടനിലെ മെഡിക്കല്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയുടെ ടിയര്‍ 2 ലൈസന്‍സ് സസ്‌പെന്‍ഷനിലായി. കേരളത്തില്‍ നിന്നും ധാരാളം പേര്‍ ഈ ഏജന്‍സി വഴി ടിയര്‍ 2 വിസയില്‍ യുകെയില്‍ എത്തിയിട്ടുണ്ട്. സോഷ്യല്‍ വര്‍ക്കര്‍ , സീനിയര്‍ കെയര്‍ വര്‍ക്കര്‍ എന്നീ തസ്തികകളിലേക്കാണ് ഇവര്‍ കൂടുതല്‍ ആളുകളെ കൊണ്ടുവന്നിരുന്നത്.
ഇവരുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഇവിടെ ആളുകളെ കൊണ്ടുവന്നിട്ട് അവരെ നഴ്‌സിങ് ഹോമുകള്‍ക്ക് സപ്ലൈ ചെയ്ത് സാലറി തങ്ങളുടെ ഏജന്‍സിയിലൂടെ നല്‍കുക എന്നതായിരുന്നു ഇവരുടെ രീതി. ധാരാളം പേരെ യുകെയില്‍ എത്തിച്ചിട്ടുള്ള ഇവര്‍ യുകെയില്‍ എത്തിയതിനു ശേഷം കൊണ്ടു വന്നിട്ടുള്ളവര്‍ക്ക് ഫുള്‍ ടൈം പ്ലേസ്‌മെന്റ് നല്‍കിയിരുന്നില്ല.
ഒരു റിക്രൂട്ട്‌മെന്റ് ഏജന്‍സിക്ക് സാധാരണ ഗതിയില്‍ വിദേശ ജീവനക്കാരെ യുകെയില്‍ കൊണ്ടുവന്നു സപ്ലൈ ചെയ്യുന്നതിന് സ്വാഭാവികമായി യുകെ ബോര്‍ഡര്‍ ഏജന്‍സി ലൈസന്‍സ് നല്‍കാറില്ല. എന്നാല്‍ , ടിയര്‍ 2 ലൈസന്‍സിങ് തുടങ്ങിയ സമയത്ത് വ്യക്തമായ പരിശോധന ഇല്ലാതെ ധാരാളം അപേക്ഷകള്‍ യുകെ ബോര്‍ഡര്‍ ഏജന്‍സി അനുവദിച്ചിരുന്നു. അങ്ങനെ എന്തെങ്കിലും വഴിയിലൂടെയാകാം ഇവര്‍ക്കും ലൈസന്‍സ് ലഭിച്ചത്. മാത്രമല്ല ധാരാളം Certificate of Sponsorship-കളും ഇവര്‍ക്ക് അനുവദിച്ചിരുന്നു.
ഇതിന്റെ മറവിലാണ് ഇവര്‍ യുകെയിലേക്ക് സോഷ്യല്‍ വര്‍ക്കര്‍ , സീനിയര്‍ കെയര്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് ധാരാളം ആളുകളെ കൊണ്ടുവന്നത്. കേരളത്തില്‍ നിന്നും ധാരാളം മലയാളികള്‍ ഈ വിധത്തില്‍ യുകെയില്‍ എത്തിപ്പെട്ടിട്ടുണ്ട്. നാട്ടില്‍ നിന്നും ഏതാണ്ട് 8 ലക്ഷം രൂപയോളം ഒരു റിക്രൂട്ട്‌മെന്റ് ഏജന്‍സിക്ക് നല്കിയാണ് ഇവര്‍ യുകെയില്‍ എത്തിയത്. യുകെയില്‍ എത്തിയശേഷം ഇവരില്‍ പലരും മറ്റു ജോലികള്‍ ചെയ്തുവരുകയായിരുന്നു. പരാതി നല്‍കിയാല്‍ തങ്ങളുടെ വിസ റദ്ദു ചെയ്യപ്പെട്ടാലോ എന്ന പേടി മൂലമാണ് ഇവരില്‍ പലരും നേരത്തെ തന്നെ പരാതി നല്‍കാന്‍ മടിച്ചത്.
സസ്‌പെന്‍ഷനില്‍ ആകുന്ന മുറയ്ക്കു തന്നെ യുകെ ബോര്‍ഡര്‍ ഏജന്‍സി ടിയര്‍ 2 സ്‌പോണ്‍സര്‍ രജിസ്‌ററില്‍ നിന്നും സസ്‌പെന്‍ഷന്‍ ആകുന്ന കമ്പനികളെ നീക്കം ചെയ്യും. അതിനാല്‍ സസ്‌പെന്‍ഷന് ശേഷം ഈ കമ്പനികളെ ലിസ്റ്റില്‍ നിന്നും സ്ഥിരമായി നീക്കം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നറിയാന്‍ സാധിക്കുകയില്ല. സസ്‌പെന്‍ഷനെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്ന പതിവു പല്ലവി തന്നെയാണ് ഇവരും ആവര്‍ത്തിക്കുന്നത്.
വിദേശത്തു നിന്നും വന്നിട്ടുള്ളവരുടെ ഇപ്പോഴത്തെ വിലാസവും മറ്റു വിശദാംശങ്ങളും യുകെ ബോര്‍ഡര്‍ ഏജന്‍സിയുടെ കൈവശമില്ലാത്തതിനാല്‍ യുകെബിഎ വഴി നിജസ്ഥിതി അറിയാനും ബുദ്ധിമുട്ടാണ് നിലവിലുള്ളത്. യുകെയില്‍ ഈ കമ്പനി വഴി എത്തിയിട്ടുള്ളവര്‍ എത്രയും പെട്ടെന്ന് പുതിയൊരു ജോലി തരപ്പെടുത്താന്‍ ശ്രമിക്കുകയെന്നതാണ് ഉചിതം. സീനിയര്‍ കെയര്‍ തസ്തികയില്‍ നിലവില്‍ യുകെയില്‍ ഉള്ളവര്‍ക്ക് മാറ്റം അനുവദിക്കുമെന്നതിനാല്‍ ഈ വിഭാഗത്തില്‍ വന്നവര്‍ക്ക് ജോലി മാറി വിസ ലഭിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകാന്‍ സാധ്യതയില്ല.
എന്നാല്‍ സോഷ്യല്‍ വര്‍ക്കര്‍ എന്ന തസ്തികയില്‍ വന്നവര്‍ക്ക് ജോലി ലഭിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. ഈ കമ്പനി വഴി യുകെയില്‍ എത്തിപ്പെട്ട് ദുരിതത്തിലായിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് വിദഗ്ധ ഉപദേശം തേടുന്നത് നല്ലതായിരിക്കും. അതുപോലെ തന്നെ ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ ഞങ്ങളുമായി ബന്ധപ്പെടാനും അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങളുടെ ഇ-മെയില്‍ അഡ്രസ് : news@ukmalayalampathram.com |