|
ലണ്ടന്‍ : അനധികൃത കുടിയേറ്റക്കാര്‍ തങ്ങളെ നാടുകടത്താനുള്ള ശ്രമം എങ്ങനെയും തടയാനാണു ശ്രമിക്കുക. മനുഷ്യാവകാശത്തിന്റെയും മറ്റും പേരു പറഞ്ഞ് അതില്‍ വിജയിക്കാനും പലര്‍ക്കും സാധിക്കുന്നു. അതേസമയം, റാകി മുനീര്‍ തന്നെ നാടുകടത്തിക്കൊള്ളാനാണ് അധികൃതരോട് അപേക്ഷിച്ചത്. എന്നിട്ടും നാലു വര്‍ഷമായി അയാള്‍ യുകെയില്‍ തന്നെ കഴിയുന്നു.
മോഷണക്കുറ്റത്തിന് ജയിലിലായിരുന്നു ഇയാള്‍ . നാടുകടത്താന്‍ ഉത്തരവുമുണ്ടായിരുന്നു. ഒരു വര്‍ഷത്തെ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയിട്ട് നാലു വര്‍ഷമായി. എന്നാല്‍ , ഹോം ഓഫീസിന് ഇയാള്‍ ഏതു രാജ്യക്കാരനാണെന്നു തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. നാടുകടത്തല്‍ നീണ്ടു പോകാന്‍ ഇതാണു കാരണം.
ഇയാള്‍ രാജ്യത്തു തുടരുന്നതുകൊണ്ട് നികുതിദായകനു പ്രതിദിനം 119 പൗണ്ടാണ് നഷ്ടം. അതായത് നാലു വര്‍ഷം കൊണ്ട് രണ്ടു ലക്ഷം പൗണ്ട്. ജീവപര്യന്തം തടവില്‍ കിടക്കുന്നവരെ സംരക്ഷിക്കുന്നതിനു പോലും ഇത്രയും ചെലവുണ്ടാകില്ല.
നാലു വര്‍ഷത്തിനിടെ ആറു ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ മുനീറിനെ പാര്‍പ്പിച്ചു. ഇതു തനിക്കും ബ്രിട്ടനും നന്നല്ലെന്ന് ഇയാള്‍ പറയുന്നു. ഇപ്പോള്‍ വീട്ടില്‍ പോയാല്‍ മതിയെന്നാണ് ആഗ്രഹം. വ്യാജ ഫ്രഞ്ച് പാസ്‌പോര്‍ട്ടില്‍ വന്ന ഇയാള്‍ പലസ്തീന്‍കാരനാണെന്നു പറയുന്നുണ്ടെങ്കിലും ഇതു തെളിയിക്കാനുള്ള രേഖകളൊന്നും കൈവശമില്ല. |