|
സര്‍ക്കാരുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തുന്ന കര്‍ഷക സംഘടനകളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മൂന്ന് കേന്ദ്രമന്ത്രിമാരുമായി ഉച്ചഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചു. ഉച്ചഭക്ഷണ സമയത്ത്, സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഭക്ഷണത്തോട് കര്‍ഷകര്‍ ''വേണ്ട'' എന്ന് പറയുകയും ഗുരുദ്വാരയില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കുകയും ചെയ്തു.
യോഗം നടക്കുന്ന വിഗ്യാന്‍ ഭവനിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍, കര്‍ഷകരുടെ പ്രതിനിധികള്‍ തിടുക്കത്തില്‍ ഉച്ചഭക്ഷണത്തിനായി ഒരു നീണ്ട മേശക്കരികില്‍ ഒത്തുകൂടിയതായി കാണാം. ചിലര്‍ ഒരു കോണില്‍ നിലത്തിരുന്നു ശാന്തമായി ഭക്ഷണം കഴിച്ചു.
''അവര്‍ ഞങ്ങള്‍ക്ക് ഭക്ഷണം വാഗ്ദാനം ചെയ്തു, ഞങ്ങള്‍ നിരസിച്ചു, ഞങ്ങളുടെ ഭക്ഷണം ഞങ്ങളുടെ പക്കലുണ്ട്,'' ഒരു കര്‍ഷക നേതാവ് പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷണമോ ചായയോ ഞങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന് മറ്റൊരു കര്‍ഷക നേതാവ് പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ എട്ട് ദിവസമായി ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. സര്‍ക്കാരുമായി ഇന്ന് നടക്കുന്ന രണ്ടാം ഘട്ട യോഗത്തിന്റെ ആദ്യ പകുതിയില്‍ നിയമത്തിന്റെ അപര്യാപ്തതകളെക്കുറിച്ചും നിയമങ്ങളില്‍ എതിര്‍ക്കുന്നവ എന്തെല്ലാമാണെന്നും കര്‍ഷക പ്രതിനിധികള്‍ സര്‍ക്കാരിന് മുമ്പില്‍ അവതരിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. |