|
കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച നടന്ന ഭാരത് ബന്ദിനെ പിന്തുണച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. മല്ലിയും ഉലുവയും തമ്മിലുള്ള വ്യത്യാസം നിങ്ങള്‍ക്ക് അറിയാമോ എന്നായിരുന്നു രൂപാനിയുടെ ചോദ്യം.
മെഹ്‌സാനയില്‍ നടന്ന ഒരു പൊതു ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് രൂപാനി രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. 'മല്ലി, ഉലുവ എന്നിവ തമ്മിലുള്ള വ്യത്യാസം അറിയാമോ എന്ന് രാഹുല്‍ ഗാന്ധിയോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'-എന്നായിരുന്നു രൂപാനി ചോദിച്ചത്.
287 കോടി രൂപയുടെ നര്‍മദ കനാല്‍ അധിഷ്ഠിത കുടിവെള്ള വിതരണ പദ്ധതികള്‍ക്ക് തറക്കല്ലിടാന്‍ മെഹ്‌സാനയില്‍ എത്തിയതായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി.
കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്ന പ്രതിഷേധ പരിപാടികള്‍ക്ക് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. ഇതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. രാജ്യത്തെ കാര്‍ഷികമേഖല കോര്‍പ്പറേറ്റുകളെ ഏല്‍പ്പിക്കാന്‍ അനുവദിക്കുന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ അവതരിപ്പിച്ചതെന്ന് ആരോപിച്ചാണ് കര്‍ഷകര്‍ രാജ്യമെമ്പാടും പ്രതിഷേധം നടത്തുന്നത്. |