|
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരം ഇരുപത്തിമൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് കര്‍ഷക സംഘടനകള്‍. സിംഘു അതിര്‍ത്തിയില്‍ യോഗം ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളാണ് നിലപാട് വീണ്ടും വ്യക്തമാക്കിയത്. 22-ന് മുംബൈയില്‍ കര്‍ഷക മഹാറാലി നടത്താന്‍ ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു.
അതേസമയം വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്ര കൃഷിമന്ത്രി കര്‍ഷക സംഘടനകള്‍ക്ക് കത്തെഴുതി. സമരം അവസാനിപ്പിക്കാനുള്ള കേന്ദ്രം മുന്നോട്ടുവെച്ച ഭേദഗതികള്‍ തള്ളി കര്‍ഷക നേതാക്കള്‍ ബുധനാഴ്ച കൃഷി മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് നേതാക്കള്‍ക്ക് എട്ടു പേജുള്ള കത്ത് കൃഷി മന്ത്രി അയച്ചത്.
മിനിമം താങ്ങുവില നിറുത്തുമെന്നും മറ്റും ചിലര്‍ വ്യാജപ്രചാരണം നടത്തുന്നു. ഇത്തരം നുണകള്‍ വിശ്വസിക്കരുത്. മിനിമം താങ്ങുവിലയുടെ കാര്യത്തില്‍ രേഖാമൂലം ഉറപ്പു നല്‍കാന്‍ കേന്ദ്രം തയ്യാറാണ്. അതിര്‍ത്തികള്‍ സംരക്ഷിക്കുന്ന പട്ടാളക്കാര്‍ക്കുള്ള റേഷന്‍ കൊണ്ടുപോകുന്ന ട്രെയിനുകള്‍ തടയാന്‍ ആരെങ്കിലും പാളത്തില്‍ ഇരിക്കുന്നുണ്ടെങ്കില്‍ അവര്‍ കര്‍ഷകരല്ല. ചില കര്‍ഷക സംഘങ്ങള്‍ തന്നെ തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുകയാണെന്നും കൃഷിമന്ത്രി കത്തില്‍ പറഞ്ഞു.
അതിനിടയില്‍ കര്‍ഷകസമരം ശക്തമാകുന്നതിനിടെ ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിമാരുടെയും ബി.ജെ.പി ജനറല്‍ സെക്രട്ടറിമാരുടെയും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരും പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ സി.ടി രവി, ദുഷ്യന്ത് ഗൗതം, അരുണ്‍ സിംഗ് എന്നിവരും ഒരു മണിക്കൂറിലധികം നീണ്ട യോഗത്തില്‍ പങ്കെടുത്തു. കര്‍ഷക സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചതിന് പിന്നാലെയായിരുന്നു യോഗം. |