|
കേരളത്തിന്റെ മുഖ്യമന്ത്രിയുടെ നിലവാരം ഇല്ലായ്മയാണ് കെ.പി.സി.സി അധ്യക്ഷനെ സംബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക് പോസ്റ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ യു.ഡി.എഫ് ചെയര്‍മാന്‍ ആയിട്ടുള്ള അഞ്ചുവര്‍ഷത്തിനിടയില്‍ കോണ്‍ഗ്രസിന്റെയോ മറ്റേതെങ്കിലും പാര്‍ട്ടിയുടെയോ ആവശ്യമില്ലാത്ത ഒരു കാര്യത്തിലും മുസ്ലിം ലീഗ് ഇടപെട്ടിട്ടില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി വളരെ ബോധപൂര്‍വമായി വര്‍ഗീയ കാര്‍ഡ് കളിക്കുകയാണ്. ഇത് ചീപ്പായിപ്പോയി. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ചെയ്യാന്‍ പാടില്ലാത്ത അതിനീചമായ പ്രവര്‍ത്തിയാണ് ഇതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ജനം ഇക്കാര്യം മനസിലാക്കും. ശരിയായ നിലയില്‍ ജനം ഇതിന് മറുപടി നല്‍കും. യു.ഡി.എഫിന്റെ മുന്നണികാര്യം യു.ഡി.എഫ് തീരുമാനിച്ചോളാം അതിന് പിണറായിയുടെ ഉപദേശം വേണ്ടെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ സംഘടനാപരമായ പാളിച്ചകളുണ്ടായിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല സമ്മതിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമ്പ്രദായികമായ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധിച്ചില്ല. യു.ഡി.എഫ് ആഗ്രഹിച്ച വിജയം നേടാന്‍ കഴിയാതെ പോയി. പൊതുരാഷ്ട്രീയം തിരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയാതെ പോയി. ഓരോ തിരഞ്ഞെടുപ്പിലും ഓരോ ഫലങ്ങളായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ദ്ധിത വീര്യത്തോടെ പോരാടും. പാളിച്ചകള്‍ പരിശോധിക്കും. തദ്ദേശ തിരഞ്ഞെടുപ്പിലെ നേരിയ വിജയം കൊണ്ട് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ എല്ലാ അഴിമതികളും വെള്ളപൂശാനാവില്ല. മാധ്യമങ്ങള്‍ കാര്യങ്ങള്‍ കണ്ണുതുറന്നുകാണണം. യു.ഡി.എഫ് ഒരിക്കലും വിജയത്തില്‍ അഹങ്കരിച്ചിട്ടില്ല. അഹങ്കരിക്കുന്ന മുഖ്യമന്ത്രിയെയും മുന്നണിയെയുമാണ് കാണുന്നതെന്നും രമേശ് ചെന്നിത്തല യു.ഡി.എഫ് യോഗത്തിന് ശേഷം പറഞ്ഞു.
സ്വന്തം നേതാവിനെ തീരുമാനിക്കാന്‍ പോലും പറ്റാതെ കോണ്‍ഗ്രസ് ദുര്‍ബ്ബലമായി എന്ന് പിണറായി വിജയന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ അഭിപ്രായം പറയുവാനും കോണ്‍ഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി മുസ്ലിം ലീഗ് മാറി എന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചിരുന്നു. |