|
തമിഴ്നാട്ടില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏഴ് പോയിന്റ് ഭരണ-സാമ്പത്തിക അജണ്ട പുറത്തിറക്കി കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം. വീട്ടമ്മമാര്‍ക്ക് അവരുടെ ''കഠിനാധ്വാന'' ത്തിന്റെ അംഗീകാരമായി പ്രത്യേക വേതനം, എല്ലാ വീടുകള്‍ക്കും ഇന്റര്‍നെറ്റ് കണക്ഷന്‍, എല്ലാ ആനുകൂല്യങ്ങളും ജനങ്ങളുടെ വീട്ടുവാതില്‍ക്കല്‍ എത്തുമെന്ന് ഉറപ്പാക്കുന്ന ഇ-ഭരണം, ''അഭിവൃദ്ധി രേഖ'' അവതരിപ്പിക്കല്‍ തുടങ്ങിയവയെല്ലാം ഏഴ് പോയിന്റ് അജണ്ടയുടെ ഭാഗമാണ്.
നടന്‍ കമല്‍ ഹാസന്‍ 2018 ഫെബ്രുവരിയില്‍ സ്ഥാപിച്ച മക്കള്‍ നീതി മയ്യം (എം.എന്‍.എം) തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ വാഗ്ദാനങ്ങള്‍ ഓരോന്നും മുന്‍ഗണനാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കും എന്നാണ് പറയുന്നത്. എംഎന്‍എമ്മിന്റെ ഭരണ സാമ്പത്തിക അജണ്ട കമല്‍ ഹാസന്‍ തിങ്കളാഴ്ച കാഞ്ചീപുരത്ത് വച്ചാണ് പുറത്തിറക്കിയത്. സമീപകാലത്തെ ഏറ്റവും നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പിനാണ് തമിഴ്‌നാട് സാക്ഷിയാവാന്‍ പോകുന്നത്.
സത്യസന്ധവും വേഗത്തിലുള്ളതുമായ ഭരണം, ഇ-ഹോമുകള്‍, ആധുനിക ഗ്രാമങ്ങള്‍, വനിതാ വീട്ടമ്മമാര്‍ക്കുള്ള വേതനം, ഗ്രീന്‍ റെവല്യൂഷന്‍ പ്ലസ്, പരിസ്ഥിതിയുടെ ആരോഗ്യം, പ്രോസ്‌പെരിറ്റി ലൈന്‍ (അഭിവൃദ്ധി രേഖ) എന്നിവയാണ് കമല്‍ ഹാസന്‍ രൂപപ്പെടുത്തിയ ഏഴ് അജണ്ടകള്‍. എം.എന്‍.എം അധികാരത്തില്‍ വന്നുകഴിഞ്ഞാല്‍ 1 ട്രില്യണ്‍ സമ്പദ്വ്യവസ്ഥയായി തമിഴ്നാടിനെ മാറ്റുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
വിജയകരമായ ഭരണത്തിനായുള്ള മന്ത്രം ഉന്നതതലത്തിലെ സത്യസന്ധതയാണെന്ന് ഏഴ് പോയിന്റ് അജണ്ടയുടെ രൂപരേഖകള്‍ വിശദീകരിച്ച ഡോ. സന്തോഷ് ബാബു പറഞ്ഞു. ''നേതാവ് സത്യസന്ധനാണെങ്കില്‍, അദ്ദേഹത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നവരിലേക്കും ആ ഗുണം കൈമാറും,'' സിവില്‍ സര്‍വീസ് വിട്ട് എം.എന്‍എമ്മിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന സന്തോഷ് ബാബു പറഞ്ഞു.
1967 മുതല്‍ ഡിഎംകെയും എഐഡിഎംകെയും മാറിമാറി ഭരിക്കുന്ന തമിഴ്നാട്ടില്‍ വലിയ മാറ്റം കൊണ്ടുവരുമെന്നാണ് എംഎന്‍എം അവകാശപ്പെടുന്നത്. തമിഴ്നാട്ടില്‍ വികസനത്തെ മുരടിപ്പിക്കുന്നത് അഴിമതിയാണെന്നാണ് എംഎന്‍എമ്മിന്റെ നിരീക്ഷണം. |