|
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുമെന്ന് ബി.ജെ.പി, എം.പി. സുജാത മൊണ്ടാല്‍ ഖാനാണ് ഇന്ന് തൃണമൂലില്‍ ചേര്‍ന്നത്. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നീക്കം.
അതേസമയം രാഷ്ട്രീയം തന്റെ വൈവാഹിക ബന്ധം അവസാനിപ്പിച്ചതിനാല്‍ വിവാഹമോചന നോട്ടീസ് അയക്കുമെന്നാണ് സുജാതയുടെ ഭര്‍ത്താവും ബംഗാളില്‍ നിന്നുള്ള എം.പിയുമായ സൗമിത്ര ഖാന്‍ പറയുന്നത്.
നേരത്തെ തൃണമൂലിലായിരുന്ന സൗമിത്ര ഖാന്‍ 2014- ല്‍ ബിഷ്ണുപൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് എം.പിയായി വിജയിച്ചു. ബി.ജെ.പിയുടെ യുവജന വിഭാഗമായ യുവമോര്‍ച്ചയുടെ മേധാവിയുമാണ് ഇദ്ദേഹം. കഴിഞ്ഞ വര്‍ഷം നടന്ന പൊതുതിരഞ്ഞെടുപ്പ് സമയത്ത് ക്രിമിനല്‍ കേസില്‍ ജാമ്യത്തിനുള്ള വ്യവസ്ഥയായി ബിഷ്ണുപൂരിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് കോടതി വിലക്കിയതിനെ തുടര്‍ന്ന് സൗമിത്ര ഖാന്റെ ഭാര്യ സുജാതയാണ് അദ്ദേഹത്തിന് വേണ്ടി പ്രചാരണം നടത്തുകയും വിജയത്തിലെത്തിക്കുകയും ചെയ്തത്.
സുജാത ഖാനും ബി.ജെ.പി അംഗമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പണ്ട് വേദി പങ്കിട്ടിട്ടുമുണ്ട്. ഭര്‍ത്താവിന്റെ വിജയം ഉറപ്പാക്കാന്‍ നിരവധി ത്യാഗങ്ങള്‍ എടുത്തിട്ടും തനിക്ക് അംഗീകാരം ലഭിച്ചില്ലെന്നാണ് സുജാത ഖാന്റെ പരാതി.
എന്ത് ചെയ്യണമെന്ന് സൗമിത്ര ഖാന് തീരുമാനിക്കാമെന്നും ഒരു ദിവസം അദ്ദേഹം കാര്യങ്ങളെല്ലാം തിരിച്ചറിയുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും സുജാത ഖാന്‍ പറഞ്ഞു. ഒരു പക്ഷേ അദ്ദേഹം തൃണമൂലില്‍ തിരിച്ചെത്തിയേക്കുമെന്നും സുജാത ഖാന്‍ പ്രത്യാശ പ്രകടിപ്പിച്ചു. |