|
നഗരസഭയില്‍ ചെയര്‍ പേഴ്‌സണ്‍ സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പിനിടെ നാടകീയ രംഗങ്ങള്‍. ബിജെപി കൗണ്‍സിലര്‍ നടേശന്‍ സി പി എം അംഗത്തിന് വോട്ട് മാറി ചെയ്തതോടെ തിരുത്താനായി ബാലറ്റ് പേപ്പര്‍ തിരിച്ചെടുത്തതാണ് ബഹളത്തിന് കാരണമായത്. ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം രൂക്ഷമായതോടെ നടേശന്റെ വോട്ട് അസാധുവായി പ്രഖ്യാപിച്ചതിന് ശേഷമാണ് വോട്ടെടുപ്പ് തുടര്‍ന്നത്.
പാലക്കാട് നഗരസഭയില്‍ ചെയര്‍പേഴ്‌സനെ തിരഞ്ഞെടുക്കാനായി ആദ്യം ഓപ്പണ്‍ വോട്ടാണ് നടന്നത്. മൂന്നാമത് വോട്ട് ചെയ്യാനെത്തിയ ബി ജെ പി കൗണ്‍സിലര്‍ വി. നടേശന്‍, ബാലറ്റിലെ ഒന്നാം നമ്പറുകാരിയായ സി പി എം അംഗം ഉഷ എംവിയ്ക്കാക്കാണ് വോട്ട് രേഖപ്പെടുത്തിയത്. ഇക്കാര്യം മറ്റു ബിജെപി കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാണിച്ചതോടെ നടേശന്‍ ബാലറ്റ് തിരിച്ചെടുത്തു. ഇതിനെ പ്രതിപക്ഷം എതിര്‍ത്തതോടെ വോട്ടെടുപ്പ് ബഹളത്തില്‍ മുങ്ങി.
നടേശന് വീണ്ടും വോട്ട് ചെയ്യാന്‍ പകരം ബാലറ്റ് അനുവദിക്കണം എന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഇത് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ അംഗങ്ങളും വാദമുന്നയിച്ചു. നടേശന്‍ ബാലറ്റ് പേപ്പര്‍ തിരിച്ചെടുത്തതോടെ വോട്ട് അസാധുവായതായി വരണാധികാരി അറിയിച്ചു. തുടര്‍ന്ന് രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടത്തിയത്. |