|
തമിഴ്നാട്ടില്‍ പൊങ്കലിന് 2.6 കോടി റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യഭക്ഷ്യക്കിറ്റ് നല്‍കുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രചാരണത്തിനെതിരെ നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ഹാസന്‍ രംഗത്ത്.
ആര്‍ക്കും സ്ത്രീധനം കിട്ടിയ വകയില്‍ നിന്നല്ല റേഷന്‍ നല്‍കുന്നതെന്നും ഇതിന്റെ പേരില്‍ പ്രചാരണം നടത്തുന്നത് ആഭാസമാണെന്നും ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്നും കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു. തമിഴ്നാട്ടിലെ 2.6 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 2500 രൂപയും സൗജന്യഭക്ഷ്യക്കിറ്റും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പ്രഖ്യാപിച്ചിരുന്നു.
''അമ്മായി അച്ഛന്റെ വീട്ടില്‍ പൊങ്കല്‍ പലഹാരം വാങ്ങാന്‍ സ്ത്രീധനം കിട്ടിയ വിഹിതം കൊണ്ടല്ല റേഷന്‍ കടയില്‍ നിന്ന് സാധനം വിതരണം ചെയ്യുന്നത്. തങ്ങളുടെ പണമാണ് അതിന് ഉപയോഗിക്കുന്നത് എന്ന രീതിയില്‍ ഭരണകക്ഷികള്‍ പരസ്യം ചെയ്യുന്നത് ആഭാസമാണ്. ഹൈക്കോടതി വിലക്കുണ്ടായിട്ടും റേഷന്‍ കടയുടെ പേരില്‍ പ്രചാരണം തുടരുന്നത് നെറികെട്ട രാഷ്ട്രീയമാണ്. കുറുക്കന്റെ ബുദ്ധി ഉപേക്ഷിക്കൂ'' എന്നാണ് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തത്. |