Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.4509 INR
ukmalayalampathram.com
Thu 12th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
വരവു ചെലവു നോക്കാതെയുള്ള ബജറ്റിനു വിശ്വാസ്യതയില്ല: ഉമ്മന്‍ചാണ്ടി; ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ്: ചെന്നിത്തല
Reporter
ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിനെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ സൗജന്യറേഷന്‍ പദ്ധതി അട്ടിമറിച്ച ശേഷമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എപിഎല്‍ വിഭാഗത്തിന് കുറഞ്ഞ നിരക്കില്‍ ഒരു തവണ അരി നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചതെന്ന് ഉമ്മന്‍ ചാണ്ടി വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു. വരവുചെലവ് കണക്കുപോലും നോക്കാതെ വാഗ്ദാനങ്ങള്‍ പ്രവഹിച്ച ഈ ബജറ്റിന് വിശ്വാസ്യതയില്ലെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

അഞ്ചു വര്‍ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ അരിയും എപിഎല്‍ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച അതേ വിലയായ 8.90 രൂപയ്ക്ക് അരിയുമാണ് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയത്. ഇടതുസര്‍ക്കാര്‍ ബി പി എല്‍ കാര്‍ഡുകള്‍ക്ക് 2 രൂപയ്ക്കും എ പി എല്‍ കാര്‍ഡുകള്‍ക്ക് 2 രൂപ കൂടി വര്‍ദ്ധിപ്പിച്ച് 10.90 രൂപയ്ക്കുമാണ് റേഷനരി നല്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാത്രമാണ് എപിഎല്ലിന് കുറഞ്ഞ നിരക്കില്‍ അരി പ്രഖ്യാപിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം,
എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ് നല്‍കുമെന്ന സംസ്ഥാന ബജറ്റിലെ തോമസ് ഐസകിന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പില്‍ ജനങ്ങളെ കബളിപ്പിക്കുന്നതിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നൂറുദിന പരിപാടിയില്‍ 5 ലക്ഷം ലാപ്‌ടോപ് നല്‍കുമെന്ന് പറഞ്ഞിരുന്നതാണ്. അത് നടക്കാതിരിക്കുമ്പോഴാണ് പുതിയ പ്രഖ്യാപനമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

കഴിഞ്ഞ ബഡ്ജറ്റുകളില്‍ നൂറുക്കണക്കിന് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച തോമസ് ഐസക് തെരഞ്ഞെടുപ്പ് വര്‍ഷം വാഗ്ദാനങ്ങള്‍ വാരി വിതറി വീണ്ടും ജനങ്ങളെ വഞ്ചിക്കുകയാണ്. ഐസക്കിന്റേത് ബഡായി ബഡ്ജറ്റ് മാത്രമാണ്.

എല്‍.ഡി. എഫ് സര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. അത് നടന്നില്ല. ഇപ്പോള്‍ 5 വര്‍ഷം കൊണ്ട് ഡിജിറ്റല്‍ മേഖലയില്‍ മാത്രം 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 5 വര്‍ഷം കൊണ്ട് പ്രൊഫഷണല്‍ രംഗത്ത് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും പ്രഖ്യാപിക്കുന്നു. ഇത് തട്ടിപ്പാണ്.
 
Other News in this category

 
 




 
Close Window