|
നൂറുകോടി രൂപ കാണാതായെന്ന ആരോപണം നേരിട്ട കെഎസ്ആര്‍ടിസി പെന്‍ഷന്‍ ആന്റ് ഓഡിറ്റ് വിഭാഗം എക്‌സിക്യൂട്ടീവ് ഡറക്ടര്‍ കെ എം ശ്രീകുമാറിനെ സ്ഥലം മാറ്റി. എറണാകുളം സോണ്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കെഎസ്ആര്‍ടിസിയിലെ അഴിമതിയെക്കുറിച്ച് എംഡി ബിജു പ്രഭാകര്‍ പരസ്യ പ്രതികരണം നടത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് സ്ഥലം മാറ്റം. ബിജു പ്രഭാകറിന്റെ പ്രസ്താവനയ്‌ക്കെതിരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തൂവന്നിരുന്നു.
2012-2015 കാലത്ത് കെ എം ശ്രീകുമാര്‍ അക്കൗണ്ട്‌സ് മാനേജര്‍ ആയിരുന്നപ്പോള്‍ 100 കോടി രൂപ കാണാതായെന്ന ഗുരുതരായ ആരോപണമാണ് ബിജു പ്രഭാകര്‍ ഉന്നയിച്ചത്. ടിക്കറ്റ് മെഷീനില്‍ തട്ടിപ്പ് നടക്കുന്നുണ്ട്. വര്‍ക്ക്‌ഷോപ്പുകളില്‍ സാമഗ്രികള്‍ വാങ്ങുന്നതിലും ക്രമക്കേടുണ്ട്. സി എന്‍ ജിയെ എതിര്‍ക്കുന്നത് ഡീസല്‍ വെട്ടിപ്പ് തുടരാനാണെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
കെഎസ്ആര്‍ടിസിയിലെ പിടിപ്പുകെട്ട എല്ലാ ഉന്നത ജീവനക്കാരെയും മാറ്റും. 95 ശതമാനം ജീവനക്കാരെപ്പറ്റിയും തനിക്ക് മോശം അഭിപ്രായമില്ല. രാഷ്ട്രീയപാര്‍ട്ടിയുടെ കൊടിപിടിച്ചു നടന്നിട്ടുള്ളവര്‍, കൈക്കൂലി കൊടുത്തും അനധികൃതമായും കെഎസ്ആര്‍ടിസിയില്‍ ജോലിക്ക് കയറിയവരാണ് മോശമായി പെരുമാറുന്നതെന്നും ബിജു പ്രഭാകര്‍ ആരോപിച്ചിരുന്നു. |