|
കേരളത്തില്‍ എല്‍ഡിഎഫിന് ഭരണതുടര്‍ച്ചയെന്ന് എബിപി നെറ്റ്വര്‍ക്കും സിവോട്ടറും ചേര്‍ന്നു നടത്തിയ അഭിപ്രായ വോട്ടെടുപ്പ് ഫലം. എല്‍ഡിഎഫിന് 41.6% വോട്ട്, 81-89 വരെ സീറ്റ്; യുഡിഎഫിന് 34.6% വോട്ട്, 49-57 സീറ്റ്, ബിജെപിക്ക് 15.3% വോട്ട്, 02 സീറ്റ്; മറ്റുള്ളവര്‍ക്ക് 8.5% വോട്ട്, 02 സീറ്റ്.
സ്വതന്ത്ര പാര്‍ട്ടികള്‍ക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാകുമെന്നാണ് അഭിപ്രായ സര്‍വേയില്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ തവണ 2.8 ശതമാനം വോട്ട് ലഭിച്ചിരുന്ന സ്വതന്ത്ര പാര്‍ട്ടികള്‍ 8.5 ശതമാനത്തോളം വോട്ട് നേടുമെന്നും അഭിപ്രായ സര്‍വേയില്‍ പറയുന്നു. 2016ല്‍ 14.9 ശതമാനം വോട്ട് വിഹിതമുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ 15.3 ശതമാനം വോട്ടുകളുമാണ് പ്രവചിച്ചിരിക്കുന്നത്.
ബി.ജെ.പി കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നില മെച്ചപ്പെടുത്തുമെന്നാണ് സര്‍വേപറയുന്നത്. അതേസമയം യു.ഡി.എഫിന്റെ ഹിന്ദു വോട്ടുകള്‍ ചോരുമെന്നുമാണ് പറയുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിണറായി വിജയന്‍, ഉമ്മന്‍ചാണ്ടി, കെകെ ശൈലജ എന്നിവരുടെ പേരുകളാണ് ഉയരുന്നത്. പിണറായിയെന്ന് 46.7% പേരും, ഉമ്മന്‍ ചാണ്ടിയെന്ന് 22.3%, മൂന്നാമതുള്ളത് ആരോഗ്യ മന്ത്രി ഷൈലജ ടീച്ചര്‍ (6.3%) പേരും അഭിപ്രായപ്പെട്ടു. ഭരണതുടര്‍ച്ച ലക്ഷ്യമിടുന്ന ഇടതുമുന്നണിയ്ക്കു ആത്മവിശ്വാസം നല്‍കുന്നതാണ് സര്‍വേ
ആകെയുള്ള 140 നിയോജക മണ്ഡലങ്ങളിലായി 91 സീറ്റുകള്‍ നേടിയാണ് കഴിഞ്ഞ തവണ എല്‍.ഡി.എഫ് അധികാരത്തിലെത്തിയിരിക്കുന്നത്.
പശ്ചിമബംഗാളിലും മമതയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ സര്‍ക്കാരിന് ഭരണതുടര്‍ച്ചയുണ്ടാവുമെന്നാണ് സര്‍വ്വേഫലം. തൃണമൂല്‍ 43% വോട്ട്, 154-163 സീറ്റ്; ബിജെപി 37.5% വോട്ട്, 98-106 സീറ്റ്; കോണ്‍ഗ്രസ് ഇടത് കൂട്ടുകെട്ടിന് 11.8% വോട്ട്, 26-34 സീറ്റ് എന്നിങ്ങനെ ലഭിക്കുമെന്നും ഫലം പറയുന്നു. മമത ബാനര്‍ജിയുടെ പേര് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യത. മമത ബാനര്‍ജിക്ക് 49%, ദിലീപ് ഘോഷ് 19%, സൗരവ് ഗാംഗുലിക്ക് 13% എന്നിങ്ങനെ പിന്തുണ.
തമിഴ്നാട്ടില്‍ യുപിഎ സഖ്യത്തിനും പുതുച്ചേരിയിലും അസമിലും എന്‍ഡിഎയ്ക്കുമാണ് മേല്‍ക്കൈ. ഒക്ടോബര്‍-ഡിസംബറില്‍ 12 ആഴ്ചകളിലായായിരുന്നു സര്‍വേ. തമിഴ്നാടില്‍ യുപിഎ 41.1% വോട്ട്, 158-166 സീറ്റ്; എന്‍ഡിഎ 28.7% വോട്ട്, 60-68 സീറ്റ്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് എം.കെ.സ്റ്റാലിനെന്ന് 36.4% പേരും ഇ.കെ. പളനിസ്വാമിയെന്ന് 25.5% പേരും.
പുതുച്ചേരിയില്‍ എന്‍ഡിഎ 44.4% വോട്ട്, 14-18 സീറ്റ്; ഡിഎംകെ കോണ്‍ഗ്രസ് 42.6% വോട്ട്, 12-16 സീറ്റ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.നാരായണസാമിക്ക് തന്നെയാണ് പിന്തുണ കൂടുതല്‍. ഇത് 40% വരും. എന്‍.രംഗസ്വാമിക്ക് 35.9% പിന്തുണ ലഭിച്ചു. |