|
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ പരേഡ് അക്രമാസക്തമായതിന് പിന്നാലെ വ്യാജ പ്രചരണം നടത്തിയ മുന്നൂറിലധികം അക്കൗണ്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ട്വിറ്റര്‍ അറിയിച്ചു. ഇതില്‍ ഭൂരിഭാഗവും പാകിസ്ഥാനില്‍ നിന്നാണ് നിയന്ത്രിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യാജ ഫോട്ടോകളും വിഡിയോയും പ്രചരിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണ് ട്വിറ്റര്‍ വിലക്കേര്‍പ്പെടുത്തിയത്.
കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് അതിക്രമിച്ച് കയറുകയും കര്‍ഷക യൂണിയന്‍ കൊടികള്‍ ചെങ്കോട്ടയുടെ ഭാഗങ്ങളില്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. നിയമങ്ങള്‍ ലംഘിക്കുന്ന ഒരാളെയും തുടരാന്‍ അനുവദിക്കില്ല എന്നതാണ് ട്വിറ്റര്‍ നയം. അക്രമം, ദുരുപയോഗം, ഭീഷണികള്‍ എന്നിവയ്ക്ക് പ്രേരിപ്പിക്കുന്ന ഒന്നും തന്നെ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ട്വിറ്റര്‍ വക്താവ് പറഞ്ഞു. നിയമങ്ങള്‍ ലംഘിച്ച നൂറുകണക്കിന് ട്വീറ്റുകളും നീക്കം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം വ്യാജ പ്രചാരണം നടത്തിയ 300ല്‍ അധികം അക്കൗണ്ടുകള്‍ താല്‍ക്കാലികമായി ബ്ലോക്ക് ചെയ്തുവെന്നും ട്വിറ്റര്‍ വക്താവ് അറിയിച്ചു. കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനായി 308 ട്വിറ്റര്‍ ഉപയോക്താക്കള്‍ ശ്രമിച്ചതായി ഡല്‍ഹി പൊലീസ് ആരോപിച്ചിരുന്നു.
ട്രാക്ടര്‍ റാലിക്കിടെ സംഘര്‍ഷമുണ്ടാകുമെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെയും മറ്റ് ഏജന്‍സികളുടെയും മുന്നറിയിപ്പ് സന്ദേശങ്ങള്‍ നിരന്തരം ലഭിച്ചിരുന്നു. കര്‍ഷകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച 308 ഓളം ട്വിറ്റര്‍ അക്കൗണ്ടുകള്‍ പാകിസ്ഥാനില്‍ നിന്നുള്ളതാണെന്നും ഡല്‍ഹി ഇന്റലിജന്‍സ് സ്പെഷ്യല്‍ കമ്മീഷണര്‍ പൊലീസ് ദീപേന്ദ്ര പഥക് പറഞ്ഞു. മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ അക്രമത്തില്‍ പൊലീസ് 22 കേസ് ഫയല്‍ ചെയ്തു. അക്രമത്തില്‍ 153 പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേര്‍ ഐസിയുവിലാണ്. ചെങ്കോട്ടയിലെ സംഘര്‍ഷത്തിലാണ് കൂടുതല്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റത്. പൊതുമുതല്‍ നശിപ്പിക്കല്‍, ആയുധമുപയോഗിച്ച് പൊലീസുകാരെ ആക്രമിക്കല്‍ തുടങ്ങിയ കേസുകളാണ് പൊലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. 8ട്ട് ബസുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുകര്‍ബ ചൗക്, ഗാസിപുര്‍, ഡല്‍ഹി ഐടിഒ, സീമാപുരി, നംഗ്ലോയി ടി പോയിന്റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് പൊലീസുകര്‍ക്ക് പരിക്കേറ്റത്. തിക്രിയിലും ഗാസിപുരിലും പ്രതിഷേധക്കാര്‍ ബാരിക്കേഡ് തകര്‍ത്തുവെന്നും പൊലീസ് വ്യക്തമാക്കി.
പൊലീസുമായി പലതവണ നടത്തിയ കൂടിക്കാഴ്ചയിലും സമാധാനപരമായി സമരം നടത്തുമെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചാ നേതാക്കള്‍ വ്യക്തമാക്കിയത്. റിപ്പബ്ലിക് പരേഡിന് ശേഷം 12 മണിക്കാണ് സമരം ആരംഭിക്കുന്നതെന്നും റാലി പോകുന്ന റോഡുകളും നേരത്തെ നിശ്ചയിച്ചുറപ്പിച്ചു. എന്നാല്‍ രാവിലെ 8 മണിയോടെ റാലി ആരംഭിക്കുകയും നിശ്ചയിച്ച വഴിയില്‍ നിന്ന് മാറി സഞ്ചരിക്കുകയും ചെയ്തു. |