|
സമരം നടത്തി ആരും സര്‍ക്കാരിനെ വിരട്ടാന്‍ നോക്കേണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം മണി. രാഷ്ട്രീയലക്ഷ്യം വെച്ചുള്ള സമരമാണെങ്കില്‍ നേരിടാന്‍ അറിയാമെന്നും മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്കെതിരെയാണ് മന്ത്രിയുടെ പരാമര്‍ശം.
''സര്‍ക്കാരിന് ഭയപ്പെടേണ്ട കാര്യമില്ല. കോഴ വാങ്ങിയിട്ട് സര്‍ക്കാര്‍ ഒരു കാര്യവും നടത്തിയിട്ടില്ല, നടത്തുകയുമില്ല. കൃത്യതയോടു കൂടിയാണ് സര്‍ക്കാര്‍ ഏത് കാര്യവും ചെയ്യുന്നത്. അതിന് ന്യായങ്ങളുമുണ്ട്. ഇതൊന്നും നോക്കാതെ നിയമന ഉത്തരവ് കൊടുത്തവരാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമെല്ലാം. പറയാനാണെങ്കില്‍ ഇനിയും കാര്യങ്ങളുണ്ട്. അതുകൊണ്ട് ഇതൊന്നും പറഞ്ഞ് ഞങ്ങളെ വിരട്ടാന്‍ നോക്കേണ്ട. പ്രക്ഷോഭവും സമരവും നടക്കട്ടെ. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് മനുഷ്യത്വപരമാണ്'- മന്ത്രി പറഞ്ഞു.
ഇതിനിടെ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന പിഎസ്സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പോരാട്ട പ്രതീകമായി മാറിയ തൃശൂര്‍ സ്വദേശി ലയ രാജേഷ് തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കൂലിപ്പണിക്കു പോയാലും ഇനി പി.എസ്.സി പരീക്ഷ എഴുതാനില്ലെന്ന് ലയ പറഞ്ഞു. ഞങ്ങള്‍ക്കു വേണ്ടത് അധികാരമല്ല, അര്‍ഹമായ ജോലിയാണ്. അതിനാണു കഷ്ടപ്പാടെല്ലാം സഹിച്ചു സമരം ചെയ്യുന്നത്. സൈബര്‍ ആക്രമണം കണ്ടു പേടിച്ചോടാനല്ല ഇങ്ങോട്ടേക്കു വന്നത്. അതു കണ്ടു സമരം അവസാനിപ്പിക്കില്ലെന്നും ലയ പറഞ്ഞു.
ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെ പൊട്ടിക്കരഞ്ഞ ലയയുടെ ചിത്രം വ്യാപക ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ നാടകമെന്ന രീതിയില്‍ ചിത്രീകരിക്കാന്‍ ചിലരുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടായി. |