|
നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ പ്രചാരണ വാചകം പ്രഖ്യാപിച്ചു. 'നാട് നന്നാകാന്‍ യു.ഡി.എഫ്' എന്നതാണ് മുദ്രാവാക്യം. യു.ഡി.എഫ് പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികള്‍ക്കൊപ്പം 'വാക്ക് നല്‍കുന്നു യു.ഡി.എഫ് 'എന്ന വാചകവും ഉണ്ട്. ഐശ്വര്യ കേരളത്തിനായ് യു.ഡി.എഫിന് വോട്ട് ചെയ്യാം എന്നാണ് അഭ്യര്‍ത്ഥനയെന്നും സര്‍ക്കാരിന്റെ അഴിമതി കെടുകാര്യസ്ഥത എല്ലാം പ്രചാരണ വിഷയമാക്കുമെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ പ്രസ്താവന:
'നാട് നന്നാകാന്‍ യു.ഡി.എഫ്'
ഇതാണ് ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രചാരണ വാചകം.
ഞങ്ങള്‍ പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികള്‍ക്കൊപ്പം 'വാക്ക് നല്‍കുന്നു യു.ഡി.എഫ് 'എന്ന വാചകവും ഉണ്ട്.
അഞ്ചു വര്‍ഷത്തെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഴിമതി ഭരണത്തിന് തിരശ്ശീല വീഴാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. കേരളത്തില്‍ ഒരു മാറ്റം വേണമെന്നത് ജനാഭിലാഷമാണ്. അഞ്ചു വര്‍ഷമായി സംസ്ഥാനത്തിന്റെ എല്ലാ മേഖലകളും നിശ്ചലമാണ്. നാട് നന്നാകാന്‍, ഐശ്വര്യ കേരളം കെട്ടിപ്പടുക്കാന്‍ യു.ഡി.എഫ് അധികാരത്തിലെത്തുക ആവശ്യമാണ്.
കോടികള്‍ മുടക്കി വ്യാജപ്രചാരണമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഉദാഹരണത്തിന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വീട് വച്ചുകൊടുത്തത് ഈ സര്‍ക്കാരാണെന്ന കളവ് പി.ആര്‍.ഡി വഴി സര്‍ക്കാര്‍ ആവര്‍ത്തിക്കുകയായിരുന്നു. എല്‍.ഡി.എഫ് കഷ്ടിച്ച് രണ്ടരലക്ഷം വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയപ്പോള്‍ യു.ഡി.എഫിന്റെ കാലത്ത് നാലു ലക്ഷം പേര്‍ക്കാണ് വീട് നല്കിയത്. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം പ്രചാരണ രംഗത്തുണ്ടാകും.
സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികളെ തുറന്നുകാട്ടുന്നതിനോടൊപ്പം യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ ലക്ഷ്യമിടുന്ന വിവിധ ജനക്ഷേമ പദ്ധതികളും കേരള സമൂഹത്തിനു മുന്‍പാകെ അവതരിപ്പിക്കും. യു.ഡി.എഫ് നല്‍കുന്ന വാക്കായിരിക്കും അത്.
ഐശ്വര്യ കേരള സൃഷ്ടിക്കായി യു.ഡി.എഫിനോടൊപ്പം നില്‍ക്കാന്‍ സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. |