|
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നാലുതവണ കേരളത്തില്‍ നിന്നുള്ള ലോക്‌സഭാംഗവുമായ പി.സി ചാക്കോ പാര്‍ട്ടി വിട്ടു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കി. രാഹുല്‍ ഗാന്ധിക്കും കത്ത് നല്‍കി. രാജിക്ക് കാരണം കേരളത്തിലെ കോണ്‍ഗ്രസിന്റെ അപചയമാണെന്ന് പി.സി ചാക്കോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി ഇന്ന് കേരളത്തില്‍ ഇല്ലെന്നും ഉള്ളത് രണ്ട് പാര്‍ട്ടികളുടെ ഒരു ഏകോപനസമിതിയാണെന്നും ഒന്ന് ഐ കോണ്‍ഗ്രസും മറ്റൊന്ന് എ കോണ്‍ഗ്രസുമാണെന്ന് പി.സി ചാക്കോ. കേരളത്തിലെ മുഴുവന്‍ സീറ്റുകളും ഒന്നുകില്‍ ഐ-യുടെ സീറ്റുകളാണ് അല്ലെങ്കില്‍ എ-യുടെ സീറ്റുകളുണ്. ഐ-യുടെ സീറ്റുകളില്‍ ഐ-യുടെ ആളുകളും എ-യുടെ സീറ്റുകളില്‍ എ-യുടെ ആളുകളും മാത്രമാണ് മത്സരിക്കുന്നത്. കെ .പി.സി.സി കൂടുന്നത് ഒരു ഏകോപനസമിതിയായിട്ടാണെന്നും പി.സി ചാക്കോ ആരോപിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണനയുണ്ടായെന്നും വിജയസാധ്യതക്കല്ല പരിഗണനയെന്നും ഗ്രൂപ്പടിസ്ഥാനത്തിലുള്ള വീതംവെപ്പാണ് നടക്കുന്നതെന്നും അദ്ദേഹം പരാതി ഉന്നയിച്ചു. മുതിര്‍ന്ന നേതാക്കളോട് സ്ഥാനാര്‍ത്ഥി വിഷയം ചര്‍ച്ച ചെയ്യണമെന്നുള്ള ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം സംസ്ഥാന നേതാക്കള്‍ പരിഗണിച്ചില്ലെന്നും ചാക്കോ പറഞ്ഞു. മുതിര്‍ന്ന നേതാക്കളെ ചാക്കോ തന്റെ അതൃപ്തി അറിയിച്ചിട്ടുണ്ട്. നിലവില്‍ പി.സി ചാക്കോയുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് നിലപാടൊന്നും സ്വീകരിച്ചിട്ടില്ല. |