|
പാര്‍ട്ടി പറയുന്നത് അണികള്‍ അംഗീകരിക്കുന്നതാണ് സിപിഎമ്മിന്റെ സംഘടനാ രീതിയെന്നു മന്ത്രി ഇ പി ജയരാജന്‍. മുന്‍പ് ഒഞ്ചിയത്തും ചിലര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. സ്ഥാനാര്‍ത്ഥികളല്ലെങ്കിലും മൂന്ന് ജയരാജന്മാരും പ്രചാരണ രംഗത്ത് സജീവമാണ്. പി.ജെ ആര്‍മിയും പട്ടാളവും ഒന്നും ഇല്ല. അത് അവസാനിപ്പിക്കാന്‍ പി ജയരാജന്‍ തന്നെ പറഞ്ഞതാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കുറ്റ്യാടിയിലെ പ്രതിഷേധം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. സംഭവം ഗൗരവത്തോടെ പാര്‍ട്ടി പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ജയരാജന്‍മാരും സ്ഥാനാര്‍ത്ഥിയല്ലാത്തത് പുതുമുഖങ്ങളെ കൊണ്ട് വരണം എന്ന് പാര്‍ട്ടി നിശ്ചയിച്ചത് കൊണ്ടാണ് എന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും പറഞ്ഞിരുന്നു. എംഎല്‍എ, മന്ത്രി എന്നത് മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനം. കോണ്‍ഗ്രസിന്റെ അന്ത്യകൂദാശയാകും തിരഞ്ഞെടുപ്പ്. പി സി ചാക്കോയുടെ പ്രതികരണം അതാണ് സൂചിപ്പിക്കുന്നതെന്നും എം വി ജയരാജന്‍ അഭിപ്രായപ്പെട്ടു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തെത്തുടര്‍ന്ന് പരസ്യ പ്രതിഷേധമുണ്ടായ കുറ്റ്യാടിയില്‍ സിപിഎം നേതൃത്വം അനുനയശ്രമം തുടരുകയാണ്. പ്രാദേശിക നേതൃത്വത്തെ വിശ്വാസത്തിലെടുത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് തീരുമാനം. കുറ്റ്യാടി സീറ്റിന് പകരം കേരളാ കോണ്‍ഗ്രസിന് പേരാന്പ്രയോ തിരുവമ്പാടിയോ നല്‍കുന്നതും പരിഗണനയിലുണ്ട്. കേരളാ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയാകും തീരുമാനം.
കുറ്റ്യാടിയില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കുറ്റ്യാടിയില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതിയ മുഹമ്മദ് ഇഖ്ബാല്‍ അവസാന നിമിഷം കോഴിക്കോട് യാത്ര മാറ്റി. അതേ സമയം ഇന്നലെ നടന്ന പരസ്യപ്രതിഷേധത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനെതിരെ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നതിനെതിരെ പാര്‍ട്ടി അന്വേഷണം തുടങ്ങി. പ്രകടനത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കുറ്റ്യാടിയിലെ പ്രതിഷേധം നാദാപുരം, പേരാന്പ്ര, വടകര എന്നീ മണ്ഡലങ്ങളെക്കൂടി ബാധിക്കുമെന്നും പാര്‍ട്ടി വിലയിരുത്തലുണ്ട്. |