|
ടി.പി.ചന്ദ്രശേഖരന്‍ ആരായിരുന്നുവെന്ന് മെയ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന് ബോധ്യപ്പെടുമെന്ന് കെ.കെ.രമ. കൊലപാതക രാഷ്ട്രീയത്തിന് വടകരയിലെ വോട്ടര്‍മാര്‍ മറുപടി നല്‍കും. താന്‍ സ്ഥാനാര്‍ഥിയായാല്‍ പിന്തുണയെന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം ആര്‍എംപി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി. നേതാക്കള്‍ സദുദ്ദേശത്തോടെയാണ് പറഞ്ഞതെന്ന് തിരിച്ചറിയുന്നതിനാല്‍ പരാതിയില്ലെന്നും പറഞ്ഞു.
യു.ഡി.എഫ് പൂര്‍ണ പിന്തുണ നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു. രമ മല്‍സരിച്ചില്ലെങ്കില്‍ വടകര സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം നേത്യത്വം അറിയിച്ചിരുന്നു.പിന്നാലെയാണ് ആര്‍.എം.പി മണ്ഡലം കമ്മിറ്റി ചേര്‍ന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
സംസ്ഥാന സെക്രട്ടറി എന്‍.വേണുവിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ആര്‍എംപിയുടെ ആദ്യ തീരുമാനം. മത്സരിക്കാനില്ലെന്ന് രമയും അറിയിച്ചിരുന്നു. എന്നാല്‍ രമ മത്സരിക്കില്ലെന്ന്അറിയിച്ചതിനാല്‍ വടകര കോണ്‍ഗ്രസ് തിരിച്ചെടുക്കുകയാണെന്ന് ഇന്നലെ യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ അറിയിച്ചു. ഇതോടെയാണ് രമയെത്തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍എംപി തീരുമാനിച്ചത്. |