|
കോണ്‍ഗ്രസാണ് കള്ളവോട്ട് ചേര്‍ക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ആരോപണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യഥാര്‍ത്ഥ വോട്ടു പോലും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താത്തവരാണ് തങ്ങളുടെ മണ്ഡലം- ബൂത്ത് കമ്മറ്റിക്കാര്‍. പിന്നെയാണ് അവര്‍ കള്ളവോട്ട് ചേര്‍ക്കാന്‍ മെനക്കെടുന്നത് എന്നാണ് ചെന്നിത്തലയുടെ മറുപടി.
'വോട്ടര്‍ പട്ടികയില്‍ കള്ളവോട്ടുകള്‍ ചേര്‍ത്തതു പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിക്കാരാണെന്ന് മുഖ്യമന്ത്രി പറയുന്നതു കേട്ടു. നാട്ടിലുള്ളവരുടെ ഒറിജിനല്‍ വോട്ടുകള്‍ പട്ടികയില്‍ ചേര്‍ക്കാന്‍ പറഞ്ഞിട്ട് ഞങ്ങളുടെ മണ്ഡലം കമ്മറ്റിക്കാരും ബൂത്ത് കമ്മറ്റിക്കാരും അത് ചെയ്യുന്നില്ല. പിന്നെയാണ് കള്ളവോട്ട് ചേര്‍ക്കാന്‍ അവര്‍ മെനക്കെടുന്നത്', ചെന്നിത്തലയുടെ പ്രതികരണം ഇങ്ങനെ.
പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഇരട്ടവോട്ട് ആരോപണങ്ങളില്‍ വന്നിട്ടുള്ള തെളിവുകളെല്ലാം കോണ്‍ഗ്രസിന് എതിരാണ് എന്നായിരുന്നു പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. കോണ്‍ഗ്രസല്ലാതെ മറ്റൊരു പാര്‍ട്ടിയും കള്ളവോട്ട് ചേര്‍ക്കാന്‍ ശ്രമിച്ചതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ചെന്നിത്തല.
വോട്ടര്‍ പട്ടികയില്‍ വ്യാപകമായി കള്ളവോട്ടിനുള്ള നീക്കങ്ങള്‍ നടക്കുന്നെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. കഴക്കൂട്ടം മണ്ഡലത്തില്‍ 4506, കൊല്ലത്ത് 2534,തൃക്കരിപ്പുര്‍ 1436, കൊയിലാണ്ടി 4611, നാദാപുരം 6771, കൂട്ടുപറമ്പ് 3525 എന്ന നിരക്കില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. |