|
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല . കേരളത്തില്‍ പി.ആര്‍ ഏജന്‍സിയുടെ ഭരണമാണ് നടക്കുന്നത്. അവരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. സര്‍ക്കാര്‍ തലത്തിലുള്ള ഒരു ഇടപെടലും തീരുമാനങ്ങളും ഇവിടെ ഇല്ല . പി.ആര്‍ ഏജന്‍സികള്‍ പറയുന്നത് അനുസരിക്കുക മാത്രമാണ് സര്‍ക്കാറിന്റെ പണി . മുഖ്യമന്ത്രിയും ഇതുതന്നെയാണ് ചെയ്യുന്നതെന്നും കോണ്‍ഗ്രസ് വക്താവ് കുറ്റപ്പെടുത്തി. സര്‍ക്കാരിന്റൈ പിടിപ്പുകേട് മൂടിവയ്ക്കാന്‍ കോടിക്കണക്കിന് രൂപയാണ് പരസ്യത്തിന് ചെലവഴിക്കുന്നതെന്നും സുര്‍ജേവാല ആരോപിച്ചു.
കെടുകാര്യസ്ഥതയുടെ ക്യാപ്റ്റനാണ് മുഖ്യമന്ത്രി. അതിന് അദ്ദേഹത്തിന് കിട്ടിയ ട്രോഫിയാണ് സ്വര്‍ണ്ണക്കടത്ത് കേസ്. എന്തു കൊണ്ടാണ് ക്യാബിനറ്റിലെ മൂന്നു മന്ത്രിമാരുടെ പേരുകള്‍ കള്ളക്കടത്ത് സംഘത്തില്‍ ഉള്ളവരുടെ മൊഴിയില്‍ വന്നത്. സ്വര്‍ണക്കടത്ത് കേസില്‍ സ്പീക്കര്‍ക്കും കൃത്യമായ പങ്കുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് ഭരണത്തില്‍ യാതൊരു നിയന്ത്രണവും മുഖ്യമന്ത്രിക്കില്ല എന്നുള്ളതാണ്. സ്വര്‍ണക്കടത്തു കേസില്‍ പിണറായിയും മോദിയും ഒത്തു കളിക്കുകയാണ്. അതു കൊണ്ടാണ് ഉന്നതരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത് അത് ചിലപ്പോഴെല്ലാം പല പേരുകളും പുറത്തു വരുന്നുണ്ടെങ്കിലും ഒത്തുതീര്‍പ്പ് ധാരയുടെ ഭാഗമായി പിന്നീട് അന്വേഷണം മരവിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പറഞ്ഞു പ്രചരിപ്പിക്കുന്നതിന് അപ്പുറം ഗുരുതരമാണ് കേരളത്തിലെ യാഥാര്‍ത്ഥ്യം . എന്നാല്‍ ഇതിനെ മൂടി വെച്ചു കൊണ്ടാണ് പരസ്യങ്ങളും മറ്റ് പി ആര്‍ ജോലികളും നടക്കുന്നത്. തൊഴിലില്ലായ്മ രാജ്യത്തു ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. നഗരത്തിലും ഗ്രാമത്തിലും ഇത് കൂടുതലാണ്. അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയ്ക്ക് ഏറ്റവും വലിയ തോതില്‍ വര്‍ദ്ധിച്ചത് കേരളത്തിലാണ്. ഇതിനിടയിലാണ് ഇവിടെ പിന്‍ വാതില്‍ നിയമനമാണ് നടക്കുന്നത്. പല നേതാക്കളുടെയും ഭാര്യമാര്‍ക്ക് ജോലി ലഭിക്കുന്നത് ഇതു കൊണ്ടാണ്. പി എസ് സി റാങ്ക് ലിസ്റ്റില്‍ പെട്ടവര്‍ക്ക് സെക്രട്ടറിയേറ്റിനു മുന്നില്‍ അര്‍ഹതപ്പെട്ട ജോലിക്കായി സമരം ചെയ്യേണ്ടി വന്നത് കേരളം മറക്കില്ലെന്നും സുര്‍ജേവാല പറഞ്ഞു. |