|
കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് ഉടന്‍ ഉപതെരഞ്ഞെടുപ്പില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമാണെന്നും ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്നുമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. ഇന്ന് ചേര്‍ന്ന കമ്മീഷന്‍ യോഗത്തിലാണ് ഒഴിവുള്ള സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഉടന്‍ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്. കോവിഡ് രൂക്ഷ വ്യാപനം മാറിയ ശേഷം തെരഞ്ഞെടുപ്പ് നടത്തുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
രാജ്യസഭാ സീറ്റ് ഒഴിവുവന്നാല്‍ ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തി ഒഴിവുനികത്തണമെന്നാണ് ചട്ടം. കഴിഞ്ഞ ജനുവരി 11നാണ് ജോസ് കെ മാണി രാജിവെച്ചത്. 2024 ജൂലൈ ഒന്നാം തീയതിവരെയാണ് അദ്ദേഹത്തിന് കാലാവധി ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ നിന്ന് മത്സരിച്ച ജോസ് കെ മാണി പരാജയപ്പെട്ടിരുന്നു. പുതിയ സാഹചര്യത്തില്‍ ഈ രാജ്യസഭാ സീറ്റ് വീണ്ടും കേരള കോണ്‍ഗ്രസിന് തന്നെ നല്‍കുമോ അതോ സിപിഎം ഏറ്റെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല. ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കണമെന്നതിനാല്‍ ഉടന്‍ ഇതു സംബന്ധിച്ച വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കുമെന്നായിരുന്നു ഇടതുമുന്നണി പ്രതീക്ഷിച്ചിരുന്നത്.
അതേസമയം, കോവിഡ് തരംഗം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എതിര്‍പ്പുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായി നിന്നപ്പോള്‍ തന്നെയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതിന് പിന്നാലെ നിയമസഭ ചേര്‍ന്ന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞയും പൂര്‍ത്തിയാക്കി. നിയമസഭാ സ്പീക്കറെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പും കഴിഞ്ഞ ദിവസം നിയമസഭയില്‍ നടന്നിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരുന്നു ഇതെല്ലാം നടന്നത്. ഇന്ന് നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നന്ദി പ്രമേയവും അവതരിപ്പിച്ചു.
140 എംഎല്‍എമാരാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടത്. സ്പീക്കറുടെ തെരഞ്ഞെടുപ്പ് പോലെ തീര്‍ത്തും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നടത്താമായിരുന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് എന്തടിസ്ഥാനത്തിലാണ് എന്നാണ് രാഷ്ട്രീയ കക്ഷികള്‍ ചോദിക്കുന്നത്. വരും ദിവസങ്ങളില്‍ ഈ തീരുമാനം വിവാദമാകുമെന്നുറപ്പാണ്. |