|
സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ദേശീയ പതാക തലകീഴായി പകുതിയോളം ഉയര്‍ത്തിയത് വിവാദമായി. തിരുവനന്തപുരത്തെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പതാക ഉയര്‍ത്തുന്നതിനിടെയാണ് സംഭവം. അബദ്ധം പറ്റിയത് മനസിലായതോടെ ദേശീയ പതാക തിരിച്ചിറക്കി, ശരിയായി വീണ്ടും ഉയര്‍ത്തുകയായിരുന്നു. കയര്‍ കുരുങ്ങിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായാണ് ബിജെപി ഓഫീസില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് സംഘടിപ്പിച്ചത്. മുതിര്‍ന്ന നേതാവ് ഒ രാജഗോപാള്‍ ഉള്‍പ്പടെയുള്ളവരുടെ സാന്നിദ്ധ്യത്താണ് സംസ്ഥാന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പതാക ഉയര്‍ത്തിയത്. ഭാരത് മാതാ കീ ജയ് വിളികള്‍ക്കിടെ പതാക ഉയര്‍ത്തുമ്പോഴാണ്, അത് തിരിഞ്ഞുപോയെന്ന് മനസിലായത്. ഉടന്‍ തന്നെ പതാക തിരിച്ചിറക്കി, ശരിയായ രീതിയില്‍ വീണ്ടും ഉയര്‍ത്തുകയായിരുന്നു.
അതിനിടെ ആദ്യമായി സ്വാതന്ത്ര്യദിനം ആചരിച്ച സിപിഎം ദേശീയ പതാകയെ അപമാനിച്ചെന്ന ആരോപണവുമായി മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ കെ. എസ് ശബരീനാഥന്‍ രംഗത്തെത്തി. മറ്റൊരു പതാകയും ദേശീയപതാകയേക്കാള്‍ ഉയരത്തിലോ ഒപ്പമോ ഉയര്‍ത്തരുതെന്ന ഇന്ത്യന്‍ ഫ്‌ലാഗ് കോഡിലെ വ്യവസ്ഥയാണ് സിപിഎം ലംഘിച്ചിരിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ശബരീനാഥന്‍ ചൂണ്ടിക്കാട്ടി. സി.പി.എമ്മനെതിരെ ഇന്ത്യന്‍ ഫ്ളാഗ് കോഡ് ലംഘനത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. |