2022ല്‍ ആയിരക്കണക്കിന് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് യുകെയില്‍ താമസിക്കാനും, ജോലി ചെയ്യാനും വഴിയൊരുക്കാനാണ് യുകെ നീങ്ങുന്നത്. ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഈ മാസം നടക്കാന്‍ ഇരിക്കവെയാണ് പുതിയ നീക്കം.
ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറി ആനി മേരി ട്രെവെല്യാന്‍ ഡല്‍ഹിയിലേക്ക് ഈ മാസം എത്തുമ്പോള്‍ ഇമിഗ്രേഷന്‍ നിയമങ്ങളിലെ മാറ്റങ്ങള്‍ ഓഫര്‍ ചെയ്യുമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുടിയേറ്റ നിയമങ്ങളിലെ ഇളവ് ഇന്ത്യന്‍ ഭരണകൂടത്തിന്റെ വളരെക്കാലത്തെ ആവശ്യമായിരുന്നു.
മുന്‍ ഫോറിന്‍ സെക്രട്ടറി ലിസ് ട്രസ് ഈ നീക്കത്തിന് അനുകൂലമാണെങ്കിലും ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ നയത്തെ എതിര്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയുമായി അംഗീകരിച്ച സ്‌കീമിന് സമാനമായ ഇളവുകളാണ് ഇന്ത്യന്‍ പൗരന്‍മാര്‍ക്കും നല്‍കുക. ഇതോടെ ഇന്ത്യന്‍ യുവാക്കള്‍ക്ക് യുകെയില്‍ മൂന്ന് വര്‍ഷം വരെ താമസിക്കാനും, ജോലി ചെയ്യാനും അവകാശം ലഭിക്കും.
വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ ഫീസ് വെട്ടിക്കുറയ്ക്കുന്നതാണ് മറ്റൊരു ഓപ്ഷന്‍. കൂടാതെ ഗ്രാജുവേഷന്‍ നേടിയ ശേഷം ഒരു നിശ്ചിത കാലത്തേക്ക് ബ്രിട്ടനില്‍ താമസിക്കാന്‍ താല്‍ക്കാലിക വിസയും നല്‍കിയേക്കും. വര്‍ക്ക്, ടൂറിസം വിസയെടുക്കാന്‍ ഇന്ത്യക്കാര്‍ 1400 പൗണ്ട് വരെ ചെലവ് വരും. ഇതും കുറയ്ക്കാനാണ് ആലോചന.
ഇന്ത്യയുടെ ജിഡിപി 2 ട്രില്ല്യണ്‍ വലുപ്പമുള്ളതാണ്. എന്നാല്‍ ഇറക്കുമതികളില്‍ നികുതികള്‍ ഏര്‍പ്പെടുത്തി സമ്പദ് വ്യവസ്ഥയെ സംരക്ഷിച്ചാണ് ഇന്ത്യ നില്‍ക്കുന്നത്. 2050ഓടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് പ്രവചിക്കപ്പെടുന്ന ഇന്ത്യയുമായി ഇപ്പോള്‍ തന്നെ വ്യാപാര കരാര്‍ ഉറപ്പിച്ച് ബ്രിട്ടീഷ് ബിസിനസുകള്‍ക്ക് പ്രാധാന്യം നല്‍കാനാണ് യുകെ ശ്രമം .
യുഎസുമായോ, യൂറോപ്യന്‍ യൂണിനുമായോ ഇന്ത്യക്ക് വ്യാപാര കരാറുകളില്ല. ഈ ഘട്ടത്തിലാണ് കരാര്‍ നേടാന്‍ വിസയില്‍ വമ്പന്‍ ഇളവുകള്‍ക്ക് യുകെ തയ്യാറാകുന്നത്. ബ്രക്‌സിറ്റ് പൂര്‍ത്തിയായ ഘട്ടത്തില്‍ ചരിത്ര പ്രാധാന്യമുള്ള കരാര്‍ ഇന്ത്യയുമായി ഉറപ്പിക്കാന്‍ കഴിഞ്ഞാല്‍ ബോറിസ് ജോണ്‍സന് നേട്ടമാകും. |