|
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ മന്ത്രി കെ.ടി ജലീല്‍. തക്ക പ്രതിഫലം കിട്ടിയാല്‍ സിറിയക് എന്തു കടുംകൈയും ആര്‍ക്കുവേണ്ടിയും ചെയ്യുമെന്ന് ജലീല്‍ ആരോപിച്ചു. സിറിയക് ജോസഫിന്റെ സഹോദര ഭാര്യയ്ക്ക് വി സി നിയമനം ലഭിച്ചതില്‍ ദുരൂഹതയുണ്ട്. യു.ഡി.എഫ് നേതാവിനെ രക്ഷിക്കാന്‍ ബന്ധുവിന് വി സി പദവി പ്രതിഫലമായി വാങ്ങിക്കൊടുത്തു. പിണറായി സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താന്‍ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ഇതെന്നും ജലീല്‍ ഫേസ്ബുക്കില്‍ ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്;
മഹാത്മാഗാന്ധിയുടെ കയ്യില്‍ വിശ്വസിച്ച് കൊടുത്ത ആയുധം ഗോദ്‌സെയുടെ കയ്യില്‍ കിട്ടിയാല്‍ സംഭവിക്കുന്ന ദുരന്തമാണ് ലോകായുക്താ നിയമവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്നത്. UDF നേതാവിനെ പ്രമാദമായ ഒരു കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സ്വന്തം സഹോദര ഭാര്യക്ക് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ പദവി വിലപേശി വാങ്ങിയ ഏമാന്‍, തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകയ്യും ആര്‍ക്കുവേണ്ടിയും ചെയ്യും.
മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അരിച്ച് പെറുക്കി നോക്കിയിട്ടും ഒരു നയാപൈസയുടെ ക്രമക്കേടോ അവിഹിത സമ്പാദ്യമോ കണ്ടെത്താന്‍ കഴിയാതെ പത്തി മടക്കി പിന്‍വാങ്ങിയപ്പോഴാണ് പിണറായി സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താന്‍ UDF പുതിയ ''കത്തി'' കണ്ടെത്തിയത്. കേന്ദ്ര മനുഷ്യാവകാശ കമ്മീഷനായി കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച ''മാന്യനെ'' ഇപ്പോള്‍ ഇരിക്കുന്ന പദവിയില്‍ പന്തീരാണ്ടുകാലം കുടിയിരുത്തി കേരളത്തിലെ ഇടതുപക്ഷ സര്‍ക്കരിനെ അസ്ഥിരപ്പെടുത്താനാണ് UDF നേതാക്കളുടെ പടപ്പുറപ്പാട്. ഇന്ത്യയില്‍ ഒരിടത്തുമില്ലാത്ത നിയമം കേരളത്തില്‍ മാത്രം വേണമെന്ന വാശിക്ക് പുല്ലു വില പോലും ജനങ്ങള്‍ കല്‍പ്പിക്കില്ല.
2005 ജനുവരി 25 ന് പുറത്ത് വന്ന പ്രമാദ കേസിലെ വിധിയുടെ കോപ്പിയും 2004 നവംബര്‍ 14 ന് വൈസ് ചാന്‍സലര്‍ പദവി സഹോദര ഭാര്യ ഏറ്റതിന്റെ രേഖയുമെല്ലാം നാട്ടിലെ മുറുക്കാന്‍ കടകളില്‍ പോലും കിട്ടും. ''ജാഗരൂഗരായ'' കേരളത്തിലെ മാധ്യമങ്ങള്‍ എല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. മാധ്യമ മുതലാളിമാരുടെ ആ ഒട്ടകപ്പക്ഷി നയം കൊണ്ടാന്നും ആരും രക്ഷപ്പെടാന്‍ പോകുന്നില്ല. ''പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍'' എന്നല്ലേ പ്രമാണം. അതിനു ഞാന്‍ നിമിത്തമായി എന്നു മാത്രം.. |