കെയറര്‍മാരുടെ ജോലി ഹെല്‍ത്ത് & കെയര്‍ വിസയ്ക്ക് യോഗ്യതയുള്ളതാക്കി മാറ്റണമെന്ന് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. മേഖലയില്‍ നിലനില്‍ക്കുന്ന ഉയര്‍ന്ന ക്ഷാമവും, ജീവനക്കാരെ പിടിച്ചുനിര്‍ത്താനുള്ള ബുദ്ധിമുട്ടും പരിഹരിക്കാനാണ് വിദേശ ജീവനക്കാരെ എത്തിക്കുന്നത്.
ഇതോടെ കെയര്‍ വര്‍ക്കേഴ്‌സിനും, കെയറര്‍മാര്‍ക്കും വിദേശത്ത് നിന്നും ഡിപ്പന്‍ഡന്‍സിനെ കൂട്ടി യുകെയിലെത്താം. ഈ വിസ വഴി യുകെയില്‍ സെറ്റില്‍മെന്റ് ഉറപ്പാക്കാനുള്ള സാധ്യതയുമുണ്ട്. തല്‍ക്കാലത്തേക്കെങ്കിലും കെയറര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്നാണ് യുകെ ഗവണ്‍മെന്റിന്റെ പ്രതീക്ഷ.
എന്നാല്‍ വിദേശ ജീവനക്കാരെ ആശ്രയിക്കുന്നതിന് പകരം ആഭ്യന്തര ജോലിക്കാരെ കണ്ടെത്താന്‍ എംപ്ലോയേഴ്‌സ് ദീര്‍ഘകാല അടിസ്ഥാനത്തില്‍ നിക്ഷേപം നടത്തണമെന്ന് സര്‍ക്കാര്‍ വക്താവ് ആവശ്യപ്പെട്ടു.
12 മാസത്തേക്കാണ് താല്‍ക്കാലിക ഇളവ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ പുതിയ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ കെയര്‍ വര്‍ക്കര്‍മാരെ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിന്റെ പേരില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
മിനിമം വേജില്‍ കഠിനമായ ജോലി ചെയ്യേണ്ടി വരുന്നത് മൂലം കെയര്‍ മേഖലയില്‍ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ശക്തമാണ്. 34% ജോലിക്കാര്‍ വര്‍ഷത്തില്‍ രാജിവെച്ച് പോകുന്നുവെന്നാണ് കണക്ക്. |