|
ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേര്‍ക്കുനേര്‍ കൊമ്പു കോര്‍ക്കുന്നു. സതീശന്‍ ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയേയുംകണ്ടു പഠിക്കണം എന്ന ഗവര്‍ണ്ണറുടെ ഉപദേശമാണ് സതീശനെ പ്രകോപിപ്പിച്ചത്.
ഗവര്‍ണ്ണര്‍ തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല പ്രതിപക്ഷ നേതാവ് സ്ഥാനം. മഹാത്മാ ഗാന്ധി മുതല്‍ കോണ്‍ഗ്രസിലെ ആരാധ്യരായ നേതാക്കളെ തന്നെയാണ് താന്‍ കണ്ട് പഠിച്ചതെന്നും, ആരുടെ ഉപദേശം സ്വീകരിച്ചാലും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്ക് വേണ്ടെന്നും ഗവര്‍ണ്ണറെ പേരെടുത്ത് പരാമര്‍ശിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് പറഞ്ഞു.
അഞ്ച് പാര്‍ട്ടികള്‍ മാറിയ ഒരാളുടെ ഉപദേശം താന്‍ കേള്‍ക്കില്ല. രാഷ്ട്രീയ ഭിക്ഷാംദേഹിയായി അലഞ്ഞു നടന്നയാളാണ്. ഒരു നിലപാടും ഇല്ലാത്തയാള്‍. തന്റെ എല്ലാ സ്ഥാനവും നഷ്ടപ്പെട്ടാലും ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം കേള്‍ക്കില്ലെന്ന് സതീശന്‍ തുറന്നടിച്ചു.
ഗവര്‍ണ്ണര്‍ ചെയ്തത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണ്. ലോകായുക്ത ഓര്‍ഡിനന്‍സും നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകില്ലെന്ന ഭീഷണിയും എല്ലാം ഇതില്‍ വരും. സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥനെ മാറ്റി. നയപ്രഖ്യാപന പ്രസംഗം നടത്താന്‍ ഭരണഘടന പ്രകാരം ഗവര്‍ണ്ണര്‍ ബാധ്യസ്ഥനാണ്. പകരം സര്‍ക്കാരുമായി വിലപേശി തന്റെ ആവശ്യങ്ങള്‍ ഉറപ്പാക്കുകയായിരുന്നു.
സര്‍ക്കാര്‍ തീരുമാനം നടപ്പാക്കിയ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി സംരക്ഷിച്ചില്ല. പകരം ഗവര്‍ണ്ണറെ പ്രീതിപ്പെടുത്താന്‍ ബലി കൊടുത്തു. ഗവര്‍ണ്ണറും സര്‍ക്കാരും തമ്മില്‍ നാടകം കളിക്കുകയാണ്. ഒരു ഘട്ടത്തിലും ഗവര്‍ണ്ണറെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല. പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകള്‍ തന്നെയാണ് ഇതിന് കാരണം. ഏജന്റുമാരാണ് ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് കാര്യങ്ങള്‍ നടപ്പാക്കുന്നത്.
ഗവര്‍ണ്ണര്‍ക്ക് ഒരു സ്ഥിരതയുമില്ല. പറയുന്നത് മാറ്റി പറഞ്ഞു കൊണ്ടേയിരിക്കുന്നു. രാഷ്ട്രീയക്കാരനായിരിക്കുമ്പോഴും സ്ഥിരതയില്ലായിരുന്നുവെന്നും സതീശന്‍ പരിഹസിച്ചു.
ബിജെപിയുടെ വക്താവായി ഗവര്‍ണ്ണര്‍ മാറി. ഗവര്‍ണ്ണറുടെ പദവിക്കു ചേര്‍ന്ന വാക്കുകളല്ല ഉപയോഗിക്കുന്നത്. പുതിയ സംഭവങ്ങളോടെ ഗവര്‍ണ്ണറുടെ നിലപാടും താന്‍ എവിടെ നില്‍ക്കുന്നു എന്നതും അദ്ദേഹം തന്നെ വ്യക്തമാക്കി കഴിഞ്ഞെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. |