|
മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്തിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ 49 ആം വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ചുള്ള കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ത്തിക്കൊണ്ട് വന്ന അതേ കാര്യങ്ങള്‍ ആണ് ഇപ്പോള്‍ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ജനം തള്ളിക്കളഞ്ഞ ആരോപണങ്ങള്‍ ആണ് അവ. അതുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഭരണത്തുടര്‍ച്ച ലഭിച്ചതും 99 സീറ്റുകള്‍ നേടിയതും.
മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചവരെ തെരഞ്ഞെടുപ്പില്‍ ജനം തിരഞ്ഞു പിടിച്ചു തോല്‍പ്പിച്ചതും നാം കണ്ടു. കനല്‍ വഴികളിലൂടെ നടന്നുവന്ന പിണറായി വിജയനെ ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണത്തുടര്‍ച്ചയില്‍ അസൂയപൂണ്ട ശക്തികളാണ് ഇപ്പോഴുണ്ടാകുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍. മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിലെ ജനങ്ങള്‍ക്കറിയാം. കനല്‍ പാതയിലൂടെ നടന്നു വന്ന സഖാവാണ് പിണറായി വിജയന്‍. മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മകന്‍ എല്ലാകാലത്തും രാഷ്ട്രീയ ശത്രുക്കളുടെ ലക്ഷ്യമാണ്.
പിണറായിവേട്ട ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തന സമയത്തും എന്തിന് എംഎല്‍എ ആയിരുന്നപ്പോള്‍ പോലും ആ വേട്ട തുടര്‍ന്നു.
സംസ്ഥാനത്തിന്റെ ഭരണയന്ത്രം മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഈ ആരോപണങ്ങള്‍ ഒക്കെ ഉയരുന്നത് എന്നത് ശ്രദ്ധേയമാണ്. അഴിമതി എന്ന വാക്ക് പോലും സര്‍ക്കാര്‍ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും വച്ചു പൊറുപ്പിക്കില്ല. അഴിമതി മുക്ത കേരളം തന്നെയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. |