|
കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന കാര്യത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും ഭരിക്കുന്നവര്‍ ഇത് ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വായ്പ തിരിച്ചടവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതിനുശേഷം മതിയെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കുന്നു.
കെഎസ്ആര്‍ടിസിയില്‍ ഉന്നത തലത്തിലുള്ള ഓഡിറ്റ് വേണമെന്നും കോടതി ആവശ്യപ്പെട്ടു. ശമ്പള വിതരണത്തിന് സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കണം. കെഎസ്ആര്‍ടിസി വായ്പാ കുടിശികയായി നല്‍കാനുള്ള തുക 12,100 കോടി രൂപയാണെന്ന് നേരത്തേ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. കെഎസ്ആര്‍ടിസിയുടേതായി നിരത്തില്‍ 5,255 ബസുകളാണ് ഓടുന്നതെന്നും 300 ബസുകള്‍ ഉപയോഗശൂന്യമായെന്നും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. |