Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ഗവര്‍ണര്‍; അമിത്ഷായും നരേന്ദ്രമോദിയും രാഷ്ട്രപതിയാകാന്‍ കണ്ടെത്തിയ ദ്രൗപദി മുര്‍മു
Reporter
ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ഗവര്‍ണര്‍ എന്ന നിലയില്‍ ചരിത്രത്തിന്റെ ഭാഗമായി മാറിയ വ്യക്തിയാണ് ദ്രൗപദി മുര്‍മു. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായതോടെ മറ്റൊരു ചരിത്ര നിയോഗത്തിന്റെ അരികിലാണ് ഒഡീഷയില്‍ നിന്നുള്ള ഈ നേതാവ്. ഗോത്ര വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ അവസരം ലഭിച്ച ആദ്യ വനിതയായി അവര്‍ മാറി.


ഒഡീഷയിലെ സന്താള്‍ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ദ്രൗപദി മുര്‍മു. 1958 ജൂണ്‍ 20ന് ഒഡീഷയിലെ മയൂര്‍ഭഞ്ജ് ജില്ലയിലെ ഉപര്‍ബേഡ ഗ്രാമത്തിലാണ് ജനനം. പിതാവ് ബിരാന്‍ചി നാരായണ്‍ ടുഡു. ഭുവനേശ്വറിലെ രമാദേവി വനിതാ കോളജില്‍ നിന്ന് ബിരുദം നേടിയ ദ്രൗപദി ഒഡീഷ ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായും രൈരാനഗറിലെ ശ്രീ അരവിന്ദോ ഇന്റഗ്രല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ഹോണററി അസിസ്റ്റന്റ് ടീച്ചറായും പ്രവര്‍ത്തിച്ചു. പരേതനായ ശ്യാം ചരണ്‍ മുര്‍മുവാണ് ഭര്‍ത്താവ്. രണ്ട് ആണ്‍മക്കളും ഒരു മകളുമായിരുന്നു മുര്‍മുവിന്. ഇതില്‍ ആണ്‍മക്കള്‍ മരിച്ചു.

ബിജെപിയിലൂടെയാണ് ദ്രൗപദി മുര്‍മു പൊതുരംഗത്തേക്ക് എത്തിയത്. 20 വര്‍ഷത്തിലേറെയായി പൊതുരംഗത്തുള്ള അവര്‍ മുന്‍പ് ഒരിടവേള അധ്യാപികയായും പ്രവര്‍ത്തിച്ചു. 1997 ല്‍ രായിരനഗ്പുര്‍ ജില്ലയിലെ കൗണ്‍സിലറായാണ് രാഷ്ട്രീയ രംഗപ്രവേശം. അതേവര്‍ഷം തന്നെ ഒഡീഷയിലെ ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് മോര്‍ച്ച വൈസ് പ്രസിഡന്റായി. 2002 മുതല്‍ 2009 വരെയും 2013 ലും ബിജെപി മയൂര്‍ഭഞ്ജ് ജില്ലാ പ്രസിഡന്റായി. ഒഡീഷ നിയമസഭയില്‍ രായിരനഗ്പുരിനെ പ്രതിനിധീകരിച്ചു. 2013 ല്‍ ബിജെപിയുടെ എസ്ടി മോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് അംഗമായി.

2000 മുതല്‍ 2002 വരെ നവീന്‍ പട്‌നായിക് നേതൃത്വം നല്‍കിയ ബിജു ജനതാദള്‍- ബിജെപി സഖ്യ സര്‍ക്കാരില്‍ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ - ഗതാഗത മന്ത്രിയായും 2002 ഓഗസ്റ്റ് ആറു മുതല്‍ 2004 മേയ് 16 വരെ ഫിഷറീസ് - മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു. ജാര്‍ഖണ്ഡിലെ ഗവര്‍ണര്‍ ആയി (2015-2021) പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒഡീഷ നിയമസഭയില്‍ അംഗമായിരിക്കെ 2007 ല്‍ മികച്ച നിയമസഭാംഗത്തിനുളള പണ്ഡിറ്റ് നീലകണ്ഠ പുരസ്‌കാരം നേടി.

നരേന്ദ്ര മോദിയുമായും ആര്‍എസ്എസ് നേതൃത്വവുമായും എന്‍ഡിഎ ഘടകകക്ഷി നേതാക്കളുമായും മികച്ച ബന്ധം പുലര്‍ത്തുന്ന വ്യക്തി കൂടിയാണ്.

ഗോത്രവിഭാഗത്തില്‍ നിന്നുള്ള രാഷ്ട്രപതി വേണമെന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താല്‍പര്യമുള്ളതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2017 ലും രാഷ്ട്രപതി സ്ഥാനത്തേക്കുള്ള എന്‍ഡിഎ സ്ഥാനാര്‍ഥി പരിഗണനാ പട്ടികയില്‍ ദ്രൗപദി മുര്‍മു ഇടം നേടിയിരുന്നു. അന്ന് ലഭിക്കാതെ പോയ നിയോഗമാണ് അഞ്ചുവര്‍ഷത്തിനിപ്പുറം ദ്രൗപദിയെ തേടിയെത്തിയത്. ഗോത്രവിഭാഗക്കാരിയായ മുര്‍മുവിനെ രാജ്യത്തെ പരമോന്നത പദവിയിലേക്കുള്ള സ്ഥാനാര്‍ഥിയാക്കിയതിലൂടെ ചരിത്രപരമായ തീരുമാനമാണ് ദേശീയ ജനാധിപത്യ സഖ്യത്തിന് നേതൃത്വം നല്‍കുന്ന ബിജെപി കൈക്കൊള്ളുന്നതും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിംഗ്, സംഘടനാ ചുമതലയുള്ള സെക്രട്ടറി ബി എല്‍ സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്ത ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇരുപതോളം പേരുടെ പട്ടികയാണ് പരിഗണിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമാണ് ഗോത്ര വിഭാഗത്തില്‍ നിന്നുള്ള വനിതാ സ്ഥാനാര്‍ഥി എന്ന ഉറച്ച തീരുമാനത്തിലേക്ക് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം എത്തിയത്.
 
Other News in this category

 
 




 
Close Window