|
മുഖ്യമന്ത്രിയുടെ മകളെപ്പറ്റിയുള്ള പരാമര്‍ശത്തില്‍ യുഡിഎഫ് അംഗം മാത്യു കുഴല്‍നാടനോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.മുഖ്യമന്ത്രിയുടെ മകളെയും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന്റെ ഡയറക്ടറായിരുന്ന ജെയ്ക് ബാലഗോപാലിനെയും കുറിച്ച് മാത്യു കുഴല്‍നാടന്‍ നടത്തിയ പരാമര്‍ശങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
'മാത്യു കുഴല്‍നാടന്റെ വിചാരം എന്തും എങ്ങനെയും തട്ടിക്കളയാന്നാണ്. മകളെപ്പറ്റി പറഞ്ഞാല്‍ ഞാനങ്ങ് കിടിങ്ങിപ്പോകുമെന്നാണോ ധാരണ. പച്ചക്കള്ളമാണ് നിങ്ങളിവിടെ പറഞ്ഞത്. അത്തരത്തിലുള്ള ഒരു വ്യക്തിയെ എന്റെ മകള്‍ മെന്റര്‍ ആയി വെച്ചിട്ടേയില്ല. സത്യവിരുദ്ധമായ കാര്യങ്ങള്‍ പറയരുത്. അത്തരം കാര്യങ്ങള്‍ മനസില്‍ വെച്ചാല്‍മതി. അസംബന്ധങ്ങള്‍ വിളിച്ചുപറഞ്ഞ ശേഷം വീണ്ടും അസംബന്ധങ്ങള്‍ ആവര്‍ത്തിക്കുകയാണോ?.
ആളുകളെ അപകീര്‍ത്തിപ്പെടുത്താനായി എന്തും വിളിച്ചുപറയുന്ന സ്ഥിതിയെടുക്കരുത്. വേണ്ടാത്ത കാര്യങ്ങള്‍ പറയാനാണോ സഭാവേദി ഉപയോഗിക്കേണ്ടത്. രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണം. തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടണം. വെറുതേ വീട്ടില്‍ കഴിയുന്നയാളെ ആക്ഷേപിക്കുന്നോ? ഇതാണോ സംസ്‌കാരം'. ഇനി ഇത്തരം കാര്യങ്ങളുമായി മുന്നോട്ടുപോവരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പുനല്‍കി. |