|
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വൈകും. അന്വേഷണത്തിലെ പ്രാഥമിക നടപടി പരാതിക്കാരിയായ മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴിയെടുക്കലാണ്. ഇതിനായി സമയം ചോദിച്ച് ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം മേയറെ സമീപിച്ചിരുന്നെങ്കിലും ഇതുവരെ സമയം നല്‍കിയിട്ടില്ല. ഇതോടെ അന്വേഷണം തുടങ്ങാനാകാത്ത സ്ഥിതിയിലാണ് ക്രൈംബ്രാഞ്ച്.
നഗരസഭാ ഭരണത്തെ നാണംകെടുത്തിയ വിവാദത്തില്‍ മേയറുടെ പരാതി പരിഗണിച്ചാണ് നേരത്തെ മുഖ്യമന്ത്രി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. പാര്‍ട്ടി നേതാക്കള്‍കൂടി ഉള്‍പ്പെട്ട വിവാദത്തില്‍ പോലീസില്‍ പരാതി നല്‍കാതെ മേയര്‍ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നത്. കോടതി ഇടപെടല്‍ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. പോലീസില്‍ പരാതി നല്‍കിയാല്‍ എഫ്ഐആര്‍ കോടതിയിലേക്കെത്തും. കോടതി ഇടപെടലില്‍ അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങള്‍ മാറുമെന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ ആശങ്കയുള്ളതിനാലാണ് നിയമോപദേശം തേടിയത്. |