|
വിവാദ കത്ത് വിഷയത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ മാപ്പ് പറഞ്ഞാല്‍ മതിയെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പരാമര്‍ശം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മേയര്‍ രാജിവയ്ക്കണമെന്നാണ് കെപിസിസി പൊതുവായി സ്വീകരിച്ച നിലപാടെന്ന് വി ഡി സതീശന്‍ പറഞ്ഞു. കത്ത് വിവാദം ഏത് ഏജന്‍സി അന്വേഷിച്ചാലും പ്രതികള്‍ സിപിഎം നേതാക്കളാണ്. അവരെ സംരക്ഷിക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണം. ഇപ്പോഴത്തെ അന്വേഷണം തട്ടിപ്പാണ്. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിന്‍വാതില്‍ നിയമനങ്ങള്‍ ഒന്നൊന്നായി പുറത്തു കൊണ്ടുവരും. സര്‍വകലാശാലകളെ കമ്യൂണിസ്റ്റ്വത്കരിക്കാനാണ് നീക്കം. ചാന്‍സലറായി തുടരണമെന്ന് നാല് വട്ടം മുഖ്യമന്ത്രി കത്തെഴുതി. എങ്ങനെ കത്തെഴുതണമെന്ന് ഗവര്‍ണറാണ് പറഞ്ഞു കൊടുത്തത്. സര്‍വകലാശാല വിഷയത്തില്‍ സര്‍ക്കാറും ഗവര്‍ണറും ഒരുമിച്ചാണ് സുപ്രീംകോടതിയില്‍ തോറ്റത്. പ്രതിപക്ഷ നിലപാടാണ് വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. |